വിവിധ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി അഷ്ഗാൽ
text_fieldsഅഷ്ഗാൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയപ്പോൾ
ദോഹ: രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. റോഡുകളുടെ നവീകരണം, പ്രദേശത്തെ താമസക്കാർക്കും സ്ഥാപനങ്ങൾക്കുമായി താൽക്കാലിക റോഡുകളുടെ നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പ്രദേശങ്ങളിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
84 കി.മീ റോഡുകളുടെ നിർമാണം, 746 തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, കാറുകൾക്കും ബസുകൾക്കുമായി 22,600ലധികം പാർക്കിങ് സ്ഥലങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സൗന്ദര്യവത്കരണ, കാൽനട-സൈക്കിൾ പാതകൾ എന്നിവ ഉൾപ്പെടുന്ന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ഖത്തറിന്റെ വടക്കൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവൃത്തികൾ പൂർത്തിയാക്കിയതായി അഷ്ഗാലിന്റെ റോഡ് ഡിപ്പാർട്ട്മെന്റ് വടക്കൻ ഏരിയ വിഭാഗം പ്രോജക്ട് എൻജിനീയർ ജാസിം ഫഖ്റു പറഞ്ഞു.
ഉമ്മു സലാൽ മുഹമ്മദ്, ബു ഫസീല എന്നിവിടങ്ങളിലേക്കുള്ള റോഡ് നിർമാണം, ദർബ് അൽ സാഇയിലേക്കും ചുറ്റുമുള്ള റോഡുകളുടെ നിർമാണം, പാർക്കിങ് സൗകര്യങ്ങൾ, നേവൽ അക്കാദമിയിലേക്കുള്ള റോഡിന്റെ നിർമാണം, ഫുവൈറിത്ത് ഏരിയയിലെ റിസോർട്ടുകളെ അൽ ഷമാലുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നീ നിർമാണ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് അഷ്ഗാൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിന്റെ വടക്കൻ ഏരിയ പ്രോജക്ട് എൻജിനീയർ സഈദ് അൽ മാൽക്കി പറഞ്ഞു.
ഇതിനുപുറമെ, അറബ് ലീഗ് സ്ട്രീറ്റിന്റെ രണ്ട് ഭാഗങ്ങളിൽ സർവിസ് റോഡ്, പാണ്ട ഹൗസിന് ചുറ്റും ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിനും ലുസൈൽ സ്റ്റേഡിയത്തിനും സമീപത്തായി 20,000 വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കി. കൂടാതെ, ലുസൈൽ ഏരിയയിൽ ബസുകൾക്കായി 285 പാർക്കിങ് സ്ഥലങ്ങളും തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മഴവെള്ള സംഭരണ ടാങ്കിന് മുകളിൽ 22,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ഹരിത പാർക്കും നിർമിച്ചിട്ടുണ്ട്.
റോഡുകളിൽ ലൈറ്റിങ് തൂണുകൾ സ്ഥാപിക്കൽ, റോഡ് മാർക്കിങ്ങുകൾ നൽകൽ, കാൽനട -സൈക്കിൾ പാതകൾ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ ട്രാഫിക് സുരക്ഷാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ 1,850 മരങ്ങൾ ഉൾപ്പെടെ സൗന്ദര്യവത്കരണ, ലാൻഡ്സ്കേപ്പിങ് ജോലികളും പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

