സ്കൂൾ പരിസരങ്ങൾ സുരക്ഷിതമാക്കി അഷ്ഗാൽ
text_fieldsഅഷ്ഗാൽ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ തയാറാക്കിയ സീബ്രാ ലൈനുകൾ
ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ 611 സ്കൂൾ പരിസരങ്ങളിലെ സുരക്ഷ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായ സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് അഷ്ഗാൽ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വിദ്യാർഥികൾ, സ്കൂളിലേക്കുള്ള യാത്രക്കാർ, വാഹന യാത്രക്കാർ എന്നിവരുടെ സുരക്ഷക്ക് മുൻഗണന നൽകിയാണ് വിവിധ നിർമാണങ്ങൾ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 673 വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടാണ് സേഫ്റ്റി പ്രോഗ്രാം ആസൂത്രണം ചെയ്തത്. ഇതിൽ 611 വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ജോലികളും പൂർത്തിയായി.
സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡ് അടയാളങ്ങൾ, സുരക്ഷ നിർദേശങ്ങൾ നൽകുന്ന ബോർഡുകൾ, ദിശാ സൂചനകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളാണ് അഷ്ഗാൽ നേതൃത്വത്തിലുള്ളത്. വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ സംബന്ധിച്ചും വിവിധ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
30 കിലോമീറ്ററാണ് സ്കൂൾ മേഖലകളിലെ വേഗപരിധി. ഇതോടൊപ്പം, ഭിന്നശേഷിക്കാർക്ക് നീങ്ങാനുള്ള സൗകര്യങ്ങൾ, സമീപത്തായി സ്കൂളുണ്ടെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന മഞ്ഞബോർഡുകൾ, കാർപാർക്കിങ് നിർദേശങ്ങൾ, വേഗം കുറക്കുന്നതിനുള്ള സ്പീഡ് ഹമ്പുകൾ, കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈനുകൾ, സ്കൂൾ കവാടം സംബന്ധിച്ച് അറിയിപ്പു നൽകുന്ന നിർമാണങ്ങൾ തുടങ്ങിയ ഉൾപ്പെടെയാണ് പൂർത്തിയാക്കിയത്.

വിദ്യാർഥി സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഓരോ സ്കൂളുകളും കേന്ദ്രീകരിച്ചുള്ള നിർമാണങ്ങൾ പൂർത്തിയാക്കിയതെന്ന് അഷ്ഗാൽ റോഡ്സ് ഓപറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗം മാനേജർ എൻജി. അഹ്മദ് റാഷിദ് അൽ കുബൈസി പറഞ്ഞു. സമഗ്രമായ സുരക്ഷ സംരംഭങ്ങളാണ് നടപ്പാക്കിയത്.
വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളുകളിലേക്കും, തിരിച്ചും യാത്രചെയ്യാവുന്ന അന്തരീക്ഷം സൃഷ്ടിക്കുക വഴി ഉത്തരവാദിത്തമുള്ള യാത്ര സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, നാഷനൽ റോഡ് സേഫ്റ്റി കമ്മിറ്റി, ഗതാഗത, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, നിയമസംവിധാനങ്ങൾ, സ്കൂൾ അധികാരികൾ, പ്രാദേശിക സമൂഹങ്ങൾ തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഓരോ ഇടങ്ങളിലെയും സുരക്ഷ ഉറപ്പാക്കി നിർമാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

