അൽ ഖീസ-റൗദത്ത് ഹമാമ മലിനജല പദ്ധതി പൂർത്തിയാക്കി അശ്ഗാൽ
text_fieldsഅശ്ഗാൽ നേതൃത്വത്തിൽ പൂർത്തിയാക്കിയ മലിനജല പദ്ധതിയുടെ നിർമാണ പ്രവൃത്തി
ദോഹ: അൽ ഖീസ മുതൽ റൗദത്ത് അൽ ഹമാമ വരെയുള്ള മേഖലകളെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല പൈപ്പ്ലൈൻ ശൃംഖലയുടെ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് വിഭാഗമായി അശ്ഗാൽ അറിയിച്ചു. വാദി അൽ ബനാത്, അൽ ഇബ്ബ, ലുസൈൽ മേഖലകളിലെ മലിനജല സംസ്കരണ പ്ലാന്റിലെത്തിക്കുന്ന പൈപ്പ്ലൈൻ ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതു കൂടിയാണ് തറനിരപ്പിൽ നിന്ന് 30 മീറ്റർ വരെ ആഴത്തിൽ സ്ഥാപിച്ച മലിനജല പൈപ്പ് ലൈനുകൾ. ദോഹയുടെ വടക്കൻ പ്രദേശങ്ങളിലെ മലിനജല അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതുതായി നിർമിച്ച ഈ പൈപ്പ്ലൈൻ നെറ്റ്വർക്കുകൾ. വിവിധോദ്ദേശ്യങ്ങളോടെയാണ് ഇവയുടെ നിർമാണം പൂർത്തിയാക്കിയത്. സെക്റീത് സ്ട്രീറ്റിൽ നിന്നും സ്ട്രീറ്റ് 999 വഴി മെറിജീൽ സ്ട്രീറ്റിലേക്കുള്ള മലിനജല പൈപ്പുകൾ സ്ഥാപിക്കുക, മലിനജല ഒഴുക്ക് സുഖമമാക്കുക, പരമ്പരാഗത സെപ്റ്റിക് ടാങ്കുകൾക്കു പകരം കൂടുതൽ നവീനമായി വികസിപ്പിച്ച മലിനജല പൈപ്പുകൾ ബന്ധിപ്പിക്കുക എന്നീ പദ്ധതികളുടെ ഇതോടൊപ്പം പൂർത്തിയാക്കിയിട്ടുണ്ട്.
മേഖലയിലെ താമസക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന രീതിയിലും ജീവിത സൗകര്യ മെച്ചപ്പെടുത്താനും, നഗരവികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതുവഴി കഴിഞ്ഞതായി അശ്ഗാൽ റോഡ്സ് പ്രൊജക്ട്സ് വിഭാഗം മാനേജർ എൻജി. അബ്ദുല്ല അൽ നുഐമി പറഞ്ഞു.
6.5 കി.മീ മൈട്രോ ടണലും, 4.5 കി. മീ നീളത്തിൽ ആഴംകുറഞ്ഞ മലിനജല പൈപ്പ് ലൈനുകളും, 154 ചതുരശ്ര മീറ്റർ നീളത്തിലെ ഇന്റർലോക്ക് ചെയ്ത മേഖലകളും ഉൾപ്പെടെയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. അഞ്ച് മുതൽ 30 മീറ്റർ വരെ ആഴത്തിലാണ് പലയിടങ്ങളിലും പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്.
മേഖലയിലെ മലിന ജല ഒഴുക്ക് സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുന്ന വിധത്തിലാണ് പദ്ധതി പൂർത്തിയാവുന്നത്. ആഴത്തിലെ പൈപ്പ് ലൈനുകളും, മൈക്രോ ടണലുകളും വഴി വേഗത്തിൽ പാഴ്ജലം സംസ്കരണ പ്ലാന്റിലെത്തിക്കാൻ കഴിയും -എൻജിനീയർ അൽ നുഐമി പറഞ്ഞു.
നിർമാണ ഘട്ടത്തിലെ വെല്ലുവിളികൾ മറികടക്കാൻ പഠനങ്ങൾ നടത്തിയാണ് പദ്ധതി ആരംഭിച്ചത്. ആഴത്തിൽ പൈപ്പ്ലൈനുകൾ സ്ഥാപിക്കുമ്പോഴുള്ള ഭൂഗർഭ ജലത്തെ കൂറ്റൻ പമ്പ്സെറ്റുകൾ ഉപയോഗിച്ച് നീക്കം ചെയ്തു. 30 മീറ്റർ വരെ ആഴത്തിൽ മാൻഹോളുകൾ നിർമിക്കുമ്പോൾ വേണ്ട സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുകയും, യന്ത്ര സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തായിരുന്നു പദ്ധതി പൂർത്തിയാക്കിയതെന്ന് എൻജിനീയർ അൽ നുഐമി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

