ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ
text_fieldsദോഹ: ഖത്തറുമായുള്ള സാമ്പത്തിക -രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താൻ ഒരുങ്ങി ആസിയാൻ (സൗത്ത് - ഈസ്റ്റ് ഏഷ്യൻ നാഷൻസ് അസോസിയേഷൻ). ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ 2025 മേയിൽ മലേഷ്യയിൽ നടന്ന രണ്ടാമത് ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ തുടർച്ചയായാണ് ഈ സഹകരണ ശ്രമങ്ങൾ വ്യാപിപ്പിക്കുന്നത്.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുൾപ്പെടെ നിരവധി ആസിയാൻ നേതാക്കളുമായി നടന്ന ഉന്നതതല യോഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള താൽപര്യം അമീർ പങ്കുവെച്ചിരുന്നു. ഖത്തർ സന്ദർശന വേളയിൽ നിരവധി ആസിയാൻ അംഗങ്ങളിലെ നേതാക്കൾ ഈ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഖത്തറും ആസിയാനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കഴിഞ്ഞ വർഷം സ്ഥിരമായ വളർച്ച കൈവരിച്ചതായും ഉഭയകക്ഷി വ്യാപാരം ഏകദേശം 15 ബില്യൺ യു.എസ് ഡോളറിൽ എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ആസിയാൻ രാജ്യങ്ങളിലെ പ്രധാന നിക്ഷേപകരിൽ ഒരാളാണ് ഖത്തർ എന്നും ഊർജ്ജം, സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻ, കൃഷി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ തുടങ്ങിയ പ്രധാന മേഖലകളിലായി വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളുണ്ടെന്നും ആസിയാൻ പ്രസ്താവിച്ചു.
പുനരുപയോഗിക്കാവുന്ന ഊർജ സാധ്യതകൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇലക്ട്രിക് വെഹിക്കിൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്താൻ ഖത്തറിലെ കമ്പനികൾ ശ്രമിക്കുന്നുണ്ട്.
ഈ വർഷം ഡിജിറ്റൽ ഇക്കണോമി ഫ്രെയിംവർക്ക് അഗ്രിമെന്റിന്റെ ചർച്ചകൾ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് അസോസിയേഷൻ. ഇതിലൂടെ ആസിയാൻ മേഖലയിൽ വ്യാപാരം ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഡിജിറ്റൽ മുന്നേറ്റത്തിനും ലക്ഷ്യമിടുന്നു.
ആസിയാൻ രാജ്യങ്ങളിലെ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ നിന്നും സാമ്പത്തിക സേവനങ്ങളിൽ നിന്നും ഖത്തറിന് കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ ഈ കരാർ സഹായിക്കുമെന്നും മേഖലയിലെ തുടർച്ചയായ ഡിജിറ്റൽ മുന്നേറ്റത്തിൽ ഫലപ്രദമായ പങ്കാളിയാകാൻ ഖത്തറിനെ പ്രാപ്തമാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഫിനാൻഷ്യൽ ടെക്നോളജിയിലും പുനരുപയോഗ ഊർജ മേഖല തുടങ്ങി പ്രധാന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള ഖത്തറിലെ സംരംഭങ്ങളിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ, സാമ്പത്തിക രംഗത്ത് അവരുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ആസിയാൻ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ഈ സഹകരണവും നിക്ഷേപങ്ങളും ഖത്തറിന്റെ വികസന താൽപര്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കാനും വിപുലീകരിക്കാനും സാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

