പ്രവാസത്തിലെ ആദ്യനോമ്പും ശൈഖ നൂറയും
text_fieldsകുടുംബബാധ്യതകൾ ഏറെയുള്ളതിനാൽ ഗൾഫിലെ സാഹചര്യങ്ങളെ കുറിച്ചോ ചെയ്യേണ്ട ജോലിയെ പറ്റിയോ ഒട്ടും ചിന്തിക്കാതെയായിരുന്നു തലശ്ശേരി സ്വദേശിയായ ബോംബെ മലയാളി ദിനേശ് ഭായ് തരപ്പെടുത്തിയ വിസയിൽ 1993 ഏപ്രിലിൽ ഖത്തറിൽ എത്തിയത്. അക്കാലത്ത് ഒട്ടുമിക്ക മലയാളികളും ചെയ്തിരുന്ന ടീ ബോയ് (സുലൈമാനി ഓപറേറ്റർ) ജോലിയിൽതന്നെയായിരുന്നു ഞാനും ഹരിശ്രീ കുറിച്ചത്. സ്പോൺസർ 'ടോട്ടൽ ഫിന എൽഫ്' എന്ന ഫ്രഞ്ച് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ദഖീൽ സഈദ് അലി അബു സലാഹായിരുന്നു.
അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിൽ എത്തിപ്പെട്ടതും ഖത്തറിലെ ആദ്യ സഹപ്രവർത്തകരായി ശാലിനിയെയും സുഡാനിയായ ഫരീദിനെയും ലഭിച്ചതും സ്പോൺസർക്കൊപ്പം ജോലിചെയ്തിരുന്ന കുന്നുമ്മൽ ഹംസക്കയെ പരിചയപ്പെടാനായതും പ്രവാസജീവിതത്തിലെ സൗഭാഗ്യങ്ങൾ.
ഞാൻ ജോലിചെയ്തിരുന്ന സ്പോൺസറുടെ സ്വകാര്യ സ്ഥാപനത്തിലെ സ്ഥിരം സന്ദർശകയായിരുന്നു അദ്ദേഹത്തിന്റെ സഹോദരപുത്രി ശൈഖ നൂറ. ശൈഖ് ഖാലിദ് ബിൻ ഹസൻ സുൽതാൻ ആൽഥാനിയുടെ പത്നികൂടിയാണിവർ.
പഴയ റമദ റൗണ്ട് എബൗട്ട്നു സമീപത്തെ സൂഖ് നജദിൽ ശൈഖ തുടങ്ങാൻപോകുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പിതൃസഹോദരനുമായുള്ള ചർച്ചകൾക്കും മറ്റുമായിരുന്നു അവരുടെ ഓഫിസ് സന്ദർശനം.
വരുമ്പോഴൊക്കെ എന്റെ വിശേഷങ്ങൾ അന്വേഷിക്കാറുള്ള ശൈഖ ഒരു ദിവസം വന്നയുടനെ എന്നെയും കൂട്ടി സ്പോൺസറുടെ കാബിനിലേക്ക് പോയി. അദ്ദേഹത്തിന്റെ മുന്നിൽവെച്ച് അവർ പറഞ്ഞു 'മുസ്തഫക്ക് നാളെ മുതൽ രാവിലെ ഈ ഓഫിസിലും ഉച്ചകഴിഞ്ഞ് എന്റെ കടയിലുമാണ് ജോലി. ഇക്കാര്യം, ദഖീലുമായി സംസാരിച്ചിട്ടുണ്ട്.' അതുകേട്ടപ്പോൾ, സ്പോൺസറുടെ മുഖത്തേക്ക് ഞാനൊന്ന് നോക്കി, പുഞ്ചിരിയോടെ തലയാട്ടി അദ്ദേഹം സമ്മതം തന്നു.
അങ്ങനെ ടീ ബോയ് കം സെയിൽസ്മാനായി രാവിലെ ഓഫിസിലും വൈകീട്ട് ഷോപ്പിലുമായി ജോലി കുഴപ്പമില്ലാതെ തുടർന്നു. രണ്ടു മാസങ്ങൾക്ക് ശേഷം ഖത്തറിലെ എന്റെ ആദ്യ റമദാൻ ആഗതമായി. ഷോപ്പ് അടക്കില്ലെന്നും ഇഫ്താർ വിഭവങ്ങൾ മഗ്രിബ്നു മുമ്പ് ശൈഖയുടെ വീട്ടിൽനിന്ന് കൊണ്ടുവരുമെന്നും ലബനാനി സൂപ്പർവൈസർ അറിയിച്ചു. ഇത്തിരി കൊതിയോടെയും ജിജ്ഞാസയോടെയും ഞാനും തമിഴന്മാരായ മൂന്നു സഹജോലിക്കാരും കാത്തിരുന്നു. ഭക്ഷണപാത്രങ്ങളുമായി ഡ്രൈവർ ബുർഹാൻ എത്തി. പാത്രം തുറന്നുനോക്കിയപ്പോൾ ശരിക്കും സങ്കടം വന്നു. ജീവിതത്തിൽ ഒരിക്കൽപോലും രുചിച്ചിട്ടില്ലാത്ത പപ്പടം പോലത്തെ കുബ്ബൂസ് ആട്ടിൻ കറിയിൽ കുഴച്ചുവെച്ച ഒരു പ്രത്യേകതരം ആഹാരം. രണ്ടാമത്തെ പാത്രത്തിൽ കുറേ അറബിക് ഫത്തായീറും. തമിഴന്മാർ കിട്ടിയത് ആർത്തിയോടെ കഴിച്ചു. വ്യസനത്തോടെ കാരക്കയും വെള്ളവും കഴിച്ച് ഞാനും നോമ്പ് തുറന്നു. റയ്യാൻ പെട്രോൾ സ്റ്റേഷന് സമീപത്തെ ശൈഖയുടെ വീടിന്റെ കോമ്പൗണ്ടിൽതന്നെയായിരുന്നു എന്റെയും മുറി. രാത്രി ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഡ്രൈവർ പറഞ്ഞു മജ്ലിസിലേക്ക് ശൈഖ ചെല്ലാൻ പറഞ്ഞിരിക്കുന്നുവെന്ന്. അതോടെ നെഞ്ചിടിപ്പ് കൂടി. നോമ്പ് തുറക്കാൻ കൊണ്ടു വന്ന ഭക്ഷണം കഴിക്കാതിരുന്നത് ശൈഖ അറിഞ്ഞു കാണും. ഇനിയെന്നെ അവർ നാട്ടിലേക്ക് തിരിച്ചയക്കും. മനസ്സ് വല്ലാതെ അസ്വസ്ഥമായിത്തുടങ്ങി. കടബാധ്യതകളും പ്രാരാബ്ദങ്ങളുമുള്ള ഞാൻ പെട്ടെന്ന് ഒരു തിരിച്ചുപോക്കിനെ കുറിച്ച് ചിന്തിക്കാൻപോലും അശക്തനായിരുന്നു.
മജ്ലിസിനുമുന്നിൽ വണ്ടി നിർത്തിയതൊന്നും ഞാനറിഞ്ഞില്ല. ഡ്രൈവർ ബുർഹാനും ഒപ്പമുണ്ടായിരുന്ന തമിഴന്മാരും എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. എത്തിയ വിവരം അറിയിക്കാൻ ഖദ്ദാമയോട് പറഞ്ഞു. സമ്മതം ലഭിച്ച ഉടനെ പരിഭ്രമത്തോടെ ഞാൻ മജ്ലിസിലേക്ക് പ്രവേശിച്ചു. ശൈഖയെ കൂടാതെ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ നാലഞ്ചുപേരും പിന്നെ സ്പോൺസറുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടാൽ കോപത്തോടെ സംസാരിക്കുമെന്നുകരുതിയ ശൈഖ ചിരിച്ചുകൊണ്ടാണ് എന്നോട് ചോദിച്ചത് 'ശുനു മുഷ്കില യാ മുസ്തഫ?' (ഇതു മനസ്സിലാക്കാനുള്ള അറബിയൊക്കെ രണ്ടു മാസംകൊണ്ട് വശമാക്കിയിരുന്നു). അറിയാവുന്ന ഇംഗ്ലീഷിൽ അവർക്ക് മനസ്സിലാകുംവിധം കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചു. എല്ലാം കേട്ടശേഷം അവർ പറഞ്ഞു -'നാളെ മുതൽ ബുർഹാൻ നിനക്കുള്ള സ്പെഷൽ ഭക്ഷണമെത്തിച്ചുതരും'. തിരിച്ചിറങ്ങുന്നതിന് മുമ്പ് 200 റിയാലും കൈയിൽ തന്നു.
പിറ്റേ ദിവസം മുതൽ മജ്ബൂസ് എന്ന സ്പെഷൽ ഫുഡ് എനിക്ക് വേണ്ടി മാത്രം അവരുടെ വീട്ടിൽനിന്ന് വന്നുതുടങ്ങി. അഞ്ചു വർഷത്തോളം ശൈഖയുടെയും കഫീലിന്റെയും കുടുംബത്തിൽ മുന്തിയ പരിഗണനയോടെ ഞാൻ കഴിഞ്ഞു. ഒടുവിൽ എന്റെ ഏറ്റവും വലിയ അഭ്യുദയ കാംക്ഷിയായി മാറിയ ശൈഖ അവരുടെ സ്വാധീനം ഉപയോഗിച്ച് ആഭ്യന്തരമന്ത്രാലയത്തിൽ ഫാമിലി സ്റ്റാറ്റസോടെ നല്ലൊരു ജോലി തരപ്പെടുത്തിത്തന്നു.
സർക്കാർജോലിയിൽ 25 വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈഘട്ടത്തിലും നേരത്തെ ലഭിച്ചിരുന്ന അതേ പരിഗണന അവരുടെ കുടുംബത്തിൽ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു, ഒരെളിയ പൊതുപ്രവർത്തകൻ എന്നനിലക്ക് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പോലും പലതവണ ശൈഖയുടെ സഹായം ലഭ്യമായിട്ടുണ്ട്.
ഖത്തറിലെ ആദ്യ നോമ്പുതന്നെ ജീവിതത്തിന്റെ ഗതിവിഗതികൾ മാറ്റിമറിക്കാൻ കാരണമായി എന്ന യാഥാർഥ്യം ജീവിതാന്ത്യം വരെ എന്നോടൊപ്പം സഞ്ചരിക്കും. നല്ലൊരു നോമ്പോർമയായി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

