അലങ്കരിക്കാൻ കലാസൃഷ്ടികൾ; നഗരം മനോഹരമാകും
text_fieldsഹമദ് വിമാനത്താവളത്തിന് മുന്നിലെ ഫാൽകൺ ശിൽപം
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ അൽ ദാഖിറയിലെ മരുഭൂമിയിലും കടൽ തീരങ്ങളിലും വരെ പൊതു കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാക്കിയ ഖത്തർ മ്യൂസിയം വരും വർഷങ്ങളിൽ കൂടുതൽ പൊതു ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കും.
തെക്ക് അൽ വക്റ മുതൽ വടക്ക് അൽ സുബാറ, അൽ റുവൈസ്, പടിഞ്ഞാറ് ദുഖാൻ എന്നിവിടങ്ങളിൽ സ്ഥാപിക്കാനുള്ള പൊതു കലാരൂപങ്ങളുടെ പട്ടികയിലേക്ക് ചേർക്കാൻ മേഖലയിലുടനീളമുള്ള കലാകാരന്മാരെ തെരഞ്ഞെടുക്കുകയാണ് ഖത്തർ മ്യൂസിയം.
പൊതു ഇടങ്ങളിലെ സാമൂഹിക ഇടപെടൽ, സാംസ്കാരിക ആവിഷ്കാരം, കമ്യൂണിറ്റി ഇടപഴകൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥലങ്ങളാക്കി മാറ്റുന്നത് ഖത്തർ മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഉൾക്കൊണ്ടാണ് കലാസൃഷ്ടികൾക്ക് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.
താൽക്കാലിക പൊതു കലാ സംരംഭത്തിന് കീഴിൽ സർഗാത്മകത പ്രദർശിപ്പിക്കുന്ന പൊതു കലാസൃഷ്ടി നിർദേശിക്കാൻ ഖത്തറിലെ വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും ഖത്തർ മ്യൂസിയം ക്ഷണിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാരെ അവരുടെ നിർദിഷ്ട കലാസൃഷ്ടികൾ 30000 റിയാൽ ബജറ്റിൽ സ്ഥാപിക്കാൻ കമീഷൻ ചെയ്യും.
ലിവാൻ ഡിസൈൻ സ്റ്റുഡിയോ ലാബുകളിലും താൽക്കാലിക സൃഷ്ടികൾ സ്ഥാപിക്കും. കലാകാരന്മാർ വിദ്യാർഥികളോ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിരുദം നേടിയവരോ ആണ് അപേക്ഷിച്ചത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് ഒന്നുവരെയായിരുന്നു ഈ വിഭാഗത്തിൽ സൃഷ്ടികൾ സമർപ്പിക്കാനുള്ള സമയം.
ചുമർ ചിത്രങ്ങളിലൂടെയും സ്ട്രീറ്റ് ആർട്ടുകളിലൂടെയും ദോഹയുടെ നഗര ചുമരുകൾക്ക് ഊർജം പകരാൻ കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ജിദാരിയ്യാത്ത് പ്രോഗ്രാമിനുള്ള അപേക്ഷകളും ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്. ജിദാരിയ്യാത്തിന് കീഴിൽ രണ്ട് ഡസനോളം വരുന്ന ചുമർ ചിത്രങ്ങളാണ് നിലവിലുള്ളത്. ഖത്തർ മ്യൂസിയത്തിന് കീഴിൽ ഹമദ് വിമാനത്താവളത്തിൽ മാത്രം 11ഓളം കലാസൃഷ്ടികളുണ്ട്.
സൂഖ് വാഖിഫിലും മുഷൈരിബിലുമായി ഏഴും നാഷനൽ മ്യൂസിയത്തിൽ എട്ടും ഇസ്ലാമിക് മ്യൂസിയത്തിൽ അഞ്ചും വെസ്റ്റ്ബേയിലും കതാറ കൾചറൽ വില്ലേജിൽ ആറും ലുസൈലിൽ നാലും നാഷണൽ തീയത്തറിലും ദോഹ കോർണിഷിലുമായി എട്ടു സൃഷ്ടികൾ കാഴ്ചക്കാർക്ക് അപൂർവമായ വിരുന്നൊരുക്കുന്നു. ഖത്തർ യൂനിവേഴ്സിറ്റി, എജുക്കേഷൻ സിറ്റി, ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ, അൽ ബിദ പാർക്ക് തുടങ്ങിയ പൊതു ഇടങ്ങളിലും വൈവിധ്യമാർന്ന കലാസൃഷ്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

