Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറൊസാരിയോയുടെ ...

റൊസാരിയോയുടെ ക്യാൻവാസിൽ കളിയുടെ ഭൂതകാലം

text_fields
bookmark_border
റൊസാരിയോയുടെ  ക്യാൻവാസിൽ കളിയുടെ ഭൂതകാലം
cancel
camera_alt

പാട്രിക്​ റൊസാരിയോ

Listen to this Article

ദോഹ: അരലക്ഷത്തിലേറെ വരുന്ന മനുഷ്യസാഗരത്തെ സാക്ഷിയാക്കി, അവർക്ക്​ മുന്നിലൊരു കളിമുറ്റം കുറിച്ച്​ നടക്കുന്ന കാൽപന്ത്​ ഉത്സവം. ഫുട്​ബാളിന്‍റെ വിശ്വമാമാങ്കത്തെ വരവേൽക്കാനായി ഖത്തർ കാത്തിരിക്കുകയാണ്​. ഗാലറിയിലെ നിലക്കാത്ത ആവേശത്തിനിടയിൽ ഫുട്​ബാൾ ഓർമകളിലേക്ക്​ തിരിഞ്ഞൊന്ന്​ നോക്കിയാൽ ഒരുപിടി ഗൃഹാതുര സ്മരണകൾ ഇരമ്പും. കൊയ്ത്തുകഴിഞ്ഞ നെൽപാടങ്ങളിലും, തരിമണലിനെ നനയിച്ച്​ കടൽ കയറിയിറങ്ങുന്ന തീരങ്ങളിലും, മലകളുടെ താഴ്വരകളിലും മലയിടുക്കിലും ഇടവഴികളിലുമെല്ലാം പടർന്നിറങ്ങുന്ന കളിയാവേശം.

ലോകഫുട്​ബാളിന്‍റെ ഭ്രമിപ്പിച്ച ഓരോ കളിക്കാരന്‍റെയും ഭൂതകാലം തുടങ്ങുന്നത്​ ഇങ്ങനെ ഏതെങ്കിലുമൊരു പശ്​ചാത്തലത്തിൽ നിന്നായിരിക്കും. അങ്ങനെയുള്ള ഫുട്​ബാളിന്‍റെ ഭൂതകാലം കൂറ്റൻ കാൻവാസിൽ വരച്ചിടുന്ന കാലകാരനാണ്​ ഖത്തറിലെ പ്രശസ്തനായ ​പാട്രിക്​ റൊസാരിയോ. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന്‍റെ മുറ്റത്തു നിന്നും റൊസാരിയോയുടെ കാൻവാസിലൂടെ കണ്ണോടിച്ചാൽ അവ വാചാലമാവും. ലോകത്തിന്‍റെ ഏത്​ കോണിലെയും കളിരാധകരെ തങ്ങളുടെ നാട്ടിൻ പുറത്തേക്കോ, അല്ലെങ്കിൽ കേട്ടുപരിചയിച്ച ഏ​തെങ്കിലും ഓർമകളിലേക്കോ എത്തിക്കും.

പ്രശസ്ത ചിത്രകാരനായ പാട്രിക്​ റൊസാരിയോയുടെ ലോകകപ്പ്​ സ്പെഷ്യൽ രചനകളാണ്​ ' ഗ്രാസ്റൂട്ട് ഫുട്ബോൾ' പെയിന്റിംഗുകൾ. ലോകകപ്പിന്‍റെ ചിത്രങ്ങളും കാഴ്​ചകളും ഓർമകളും അതിവേഗത്തിൽ മറഞ്ഞുപോയാലും താൻ വരച്ചിടുന്ന കാൻവാസുകളിലെ ഫുട്​ബാൾ അദ്വിതീയവും വളരെക്കാലം ഓർമ്മിക്കപ്പെടുന്നതുമായിരിക്കുമെന്ന് റൊസാരിയോ അവകാശപ്പെടുന്നു .

ഇടവഴികളിലും , ഗ്രാമങ്ങളിലെ നെൽവയലുകളിലും , വീട്ടു മുറ്റത്തും , കൊച്ചു കൊച്ചു മൈതാനങ്ങളിലും കളിച്ചു നടന്ന ബാല്യങ്ങളാണ്​ പാട്രിക്കിന്റെ വിരൽത്തുമ്പിലൂടെ ജീവൻ വെക്കുന്നത്​. പഴമയുടെ വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന പുതിയ കാലത്തെ തലമുറക്ക് തീർത്തും സങ്കൽപ്പിക്കാനാവാത്ത ഫുട്ബാൾ കാഴ്ച്ചകളാണ് ഇത്​.

കോഫി, വാട്ടർ കളർ പെയിന്റിംഗുകളിലൂടെ, ഇദ്ദേഹം തയ്യാറാക്കിയ ചിത്രങ്ങൾ ദശലക്ഷക്കണക്കിന് സാധാരണക്കാരെയും, ഫുട്ബോൾ ആരാധകരെയും, കാണിക്കണമെന്നാണ്​ പാട്രിക്​ റൊസാരിയോയുടെ ആഗ്രഹം. ഒരു പ​ക്ഷേ, ഇപ്പോൾ പണിപൂർത്തിയായ വ്യത്യസ്ത ആശയങ്ങളും, അപൂർവ്വ കായിക നിമിഷങ്ങളും നിറഞ്ഞ നൂറോളം വരുന്ന ചിത്രങ്ങൾ ഏതെങ്കിലും കോര്‍പറേറ്റുകളോ, കായിക മേഖലയിലെ സംവിധാനങ്ങളോ വാങ്ങിയേക്കും എന്ന പ്രതീക്ഷയിലാണ് ഈ ചിത്രകാരൻ.

പാട്രിക്കിന്റെ പെയിന്റുകളിലെല്ലാം ഗ്രാസ്റൂട്ട് ഫുട്ബോളാണ്​ വിഷയം. ഫുട്ബോളിന്റെ ആത്മാവ് എന്ന്​ വിശേഷിപ്പിക്കാം. നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, റഫറിമാരുടെ വിസിലുകളോ, നിയന്ത്രണങ്ങളോ ഇല്ലാത്ത, സ്വാതന്ത്ര്യവും , ആനന്ദവും ഏറെയുള്ള ഫുട്ബോൾ. മണൽ പരപ്പിലും , ചെമ്മൺ മൈതാനങ്ങളിലും കളിച്ചു വളർന്ന തലമുറയുടെ കഥകൾ. ചിലപ്പോൾ, ഒരു പന്ത് ഇല്ലാതെയാണ്​ അവ സംസാരിക്കുന്നത്​. ചുരുട്ടിയ പത്രം, തുണിക്കഷണം, കുട്ടികൾക്ക് ചവിട്ടാൻ കഴിയുന്ന എന്തും അതിൽ പന്തിന്‍റെ സ്​ഥാനം അലങ്കരിക്കുന്നു. കഷ്ടപ്പാടു നിറഞ്ഞ ഭൂതകാല ബാല്യങ്ങളുടെ ദാരിദ്രം നിറഞ്ഞ കാൽപ്പന്തു കളിയുടെ കാലം കൂടിയാണതെന്ന്​ ഈ കലാകാരൻ പറയുന്നു.

പാടത്ത് ശരീരമാകെ ചെളിയിൽ കുളിച്ച് കളിച്ച കാലവും, വേനൽക്കാലത്ത് പൊടിപാറും പറമ്പിൽ കല്ലിലടിച്ച് കാലിലെ നഖം കീറി , അതിൽ കമ്യുണിസ്റ്റ്‌ പച്ചയുടെ നീര് തേച്ച്​ അതിന്മേൽ പഴന്തുണികെട്ടി ആവേശത്തോടെ വീണ്ടും കളിക്കാനിറങ്ങിയിരുന്ന കാലവും. ഓർമ്മച്ചെപ്പിൽ നാമെല്ലാം സൂക്ഷിച്ച് വെച്ച അത്തരം കളിയോർമ്മകളെ ഈ കലാകാരൻ വീണ്ടും നമ്മുടെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോവുകയാണ് .


റൊസാരിയോയുടെ ​'ഗ്രാസ്​റൂട്ട്​ ഫുട്​ബാൾ' പെയിന്‍റിങ്ങുകൾതിരുവനന്തപുരത്ത്​ കുടുംബവേരുകളുള്ള റൊസാരിയോ, മലേഷ്യക്കാരനാണ്​. എന്നാൽ, ഖത്തർ ആസ്ഥനമായ കലാകാരൻ. ദോഹയിലെ കോർപറേറ്റ്​ ഓഫീസുകളിലും സ്വദേശി വീടുകളിലും മജ്​ലിസുകളിലും പാട്രിക്​ തീർത്ത കൂറ്റൻ ചിത്രങ്ങൾ കാണാം. അലുമിനിയം ചാനലുകൾ ഉപയോഗിച്ച്​, അതിൽ മുത്തും മരതകവും റൂബിയും ക്രിസ്റ്റലുകളുമെല്ലാം ചേർത്ത്​ അലങ്കരിച്ചശേഷം, അപോക്സിറെസിൻ ഉപയോഗിച്ച്​ ആവരണം തീർക്കുന്ന അപൂർവ ചിത്രങ്ങളൊരുക്കുന്നതിൽ പ്രശസ്തതനാണ്​ ഇദ്ദേഹം. കാലങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന ഇത്തരം ചിത്രങ്ങൾക്ക്​ ലക്ഷങ്ങളാണ്​ വില.

Show Full Article
TAGS:painting artist patrick rosario 
News Summary - painting artist patrick rosario
Next Story