സംസ്കാരങ്ങൾ തമ്മിലെ സംഘർഷം ഇല്ലാതാക്കാൻ കലക്ക് കഴിയും -ശൈഖ അൽ മയാസ
text_fieldsഇറ്റലിയിൽ നടന്ന ‘ആർട്ട് ഫോർ ടുമോറോ’യിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: സംസ്കാരങ്ങൾ തമ്മിലെ അസഹിഷ്ണുത മൂലമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാൻ കല സഹായിക്കുമെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി.കല എന്നത് പരസ്പര സംഭാഷണങ്ങൾ അനുവദിക്കുന്ന വേദിയാണ്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരെ ഒരു വേദിയിൽ കൊണ്ടുവരാൻ കലക്കു കഴിയും -ശൈഖ അൽ മയാസ പറഞ്ഞു. ഇറ്റലിയിൽ ഈ വർഷത്തെ ‘ആർട്ട് ഫോർ ടുമോറോ’സമ്മേളനത്തോടനുബന്ധിച്ച് ‘ന്യൂയോർക് ടൈംസി’നോട് സംസാരിക്കുകയായിരുന്നു അവർ.
സംവാദത്തിനും സഹിഷ്ണുതക്കും ഒരിടം വേണമെന്നാണ് കരുതുന്നത്. അത് വ്യാപിപ്പിക്കാൻ സംസ്കാരങ്ങൾക്ക് സാധിക്കും. ലോകമെമ്പാടും അസഹിഷ്ണുത പടർന്നതായി തോന്നുന്നുണ്ട്. അതിന് കാരണം നിങ്ങൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആളുകൾ കരുതുന്ന സമയമാണ് -ശൈഖ അൽ മയാസ പറഞ്ഞു.
സംസ്കാരം വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിപ്പിക്കുമെന്നും ക്രിയാത്മക സംഭാഷണങ്ങളും സംവാദങ്ങളും അനുവദിക്കുമെന്നുമാണ് ഞാൻ കരുതുന്നത്. എന്നാൽ, ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളെ ലംഘിക്കുന്നതോടെ അതവിടെ അവസാനിക്കും.
ഇവിടെ നടക്കുന്ന ആർട്ട് ഫോർ ടുമോറോ ആളുകൾക്ക് കണ്ടുമുട്ടാനും വ്യത്യസ്ത ആളുകളെയും ആശയങ്ങളെയും കേൾക്കാനുമുള്ള ഒരു വേദിയാകുമെന്നണ് പ്രതീക്ഷിക്കുന്നത്. സിനിമയോ ഫാഷനോ ദൃശ്യകലയോ നൃത്തമോ സംഗീതമോ ആകട്ടെ, കല അതിന്റെ എല്ലാ രൂപങ്ങളിലും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു -ശൈഖ മയാസ വിശദമാക്കി.
2015ൽ ആർട്ട് ഫോർ ടുമോറോ എന്ന പേരിൽ രാജ്യാന്തര കലാ സാംസ്കാരിക പരിപാടി ഖത്തറിൽ ആദ്യമായി ആരംഭിക്കുമ്പോൾ ഞങ്ങളുടെ 25 വർഷത്തെ ആസൂത്രണത്തിന്റെ ഭാഗമായി രണ്ട് മ്യൂസിയമുണ്ടായിരുന്നു. കലാകാരന്മാരെ മാത്രമല്ല, നയരൂപവത്കരണ രംഗത്തെയും ആസൂത്രകരെയും ഭരണനേതൃത്വത്തെയുമെല്ലാം ഉൾപ്പെടുത്തിയാണ് ഖത്തറിന്റെ യാത്രയെന്ന് അവർ സൂചിപ്പിച്ചു. ഖത്തറിന്റെ ഏറ്റവും നവീനമായ ലുസൈൽ മ്യൂസിയം പദ്ധതിയെ കുറിച്ചും അവർ വിശദീകരിച്ചു. 5.60 ലക്ഷം ചതുരശ്ര മീറ്ററിൽ ലുസൈലിൽ നിർമിക്കുന്ന മ്യൂസിയം പെയിന്റിങ്, ഫോട്ടോഗ്രഫി, ശിൽപങ്ങൾ, അപൂർവ ലിഖിതങ്ങൾ ഉൾപ്പെടെ വലിയൊരു മ്യൂസിയം ശേഖരമായിരിക്കും.
യുനെസ്കോയുടെ ‘നെറ്റ്വർക് ഓഫ് ക്രിയേറ്റിവ് സിറ്റീസ്’പട്ടികയിൽ ചേരുന്ന മേഖലയിലെ ആദ്യ നഗരമായി ദോഹ മാറിയെന്നും അവർ സൂചിപ്പിച്ചു. 2021ലായിരുന്നു ദോഹയെ യുനെസ്കോ ക്രിയേറ്റിവ് സിറ്റി എന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്.തുടർന്ന് സമ്മേളനത്തിന്റെ സെഷനിലും അവർ സംസാരിച്ചു. നാളേക്കുള്ള പൈതൃകങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് ഖത്തറിന്റെ മ്യൂസിയം പദ്ധതികളും പൈതൃക സംരക്ഷണങ്ങളും വിശദീകരിച്ചു. പ്രാദേശികമായും മധ്യപൂർവേഷ്യ മേഖലയുടെയും മാനുഷിക സാഹചര്യങ്ങളുടെ വളർച്ചയും ഖത്തർ മ്യൂസിയംസിന്റെ ലക്ഷ്യമാണെന്ന് അവർ പറഞ്ഞു.
ഖത്തരി, ഇസ്ലാമിക്, അറബ് സംസ്കാര സംരക്ഷണം ആദ്യ ദിനം മുതൽ തന്നെ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു - ഖത്തർ മ്യൂസിയംസ് നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ശൈഖ മയാസ പറഞ്ഞു. പാനൽ ചർച്ചയിൽ യുനെസ്കോ മുൻ ഡയറക്ടർ ജനറൽ ഇറിന ബൊകോവോ, ജർമൻ സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ജനറൽ ആന്ദ്രെ ഗോർഗൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

