ആഘോഷം അതിരുവിട്ടു; ഖത്തറിൽ 155ഓളം പേരെ അറസ്റ്റ് ചെയ്തു
text_fieldsദോഹ: ദേശീയ ദിന ആഘോഷം അതിരു വിട്ടതോടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നേരത്തെ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് ആഘോഷത്തിനിടെ അപമര്യാദയായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കുറ്റങ്ങൾക്കാണ് നടപടി. വിവിധ സംഭവങ്ങളിൽ 65 മുതിർന്നവരും 90 കുട്ടികളും ഉൾപ്പെടെ 155 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. വിവിധ 600 വാഹനങ്ങൾ സംഭവവുമായി പിടിച്ചെടുത്തു. 65 പേരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രായപൂർത്തിയാകാത്ത 90 ഓളം കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. നിയമലംഘകർക്കെതിരെ നടപടി ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതു സുരക്ഷ, ക്രമസമാധാനം, ധാർമികത എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ ഇടങ്ങളിലായി കേസ് എടുത്തത്. ആഘോഷങ്ങൾക്കിടെ സോപ്പ് സ്പ്രേയും റബ്ബർ ബാൻഡും ഉപയോഗിച്ച് യാത്രക്കാരെ ഉപദ്രവിക്കുക, അപകടകരമാം വിധം വാഹനത്തിന് മുകളിൽ കയറുക, ഓടികൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഡോർ തുറക്കുക, സ്വന്തം ജീവനും ഒപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്തും വിധം പെരുമാറുക എന്നീ കുറ്റങ്ങളും ഗതാഗത നിയമലംഘനങ്ങളുമാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

