കൈക്കരുത്തുമായി സഫാരി മാളിലെ പഞ്ചഗുസ്തി മത്സരം
text_fieldsദേശീയ കായിക ദിനത്തിന്റെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളിൽ നടന്ന പഞ്ച ഗുസ്തി മത്സരത്തിലെ വിജയികൾ
ദോഹ: ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളിൽ നടന്ന ആറാം സീസൺ പഞ്ചഗുസ്തി മത്സരം വൻ വിജയമായി. 80 കിലോയിൽ താഴെയുള്ളവർക്കും 80 കിലോക്ക് മുകളിലുള്ളവർക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.
ഇരു വിഭാഗങ്ങളിലുമായി 10,000 റിയാൽ സമ്മാനമായി നൽകി. സഫാരി മാർക്കറ്റിങ് ആൻഡ് ഇവന്റ്സ് ടീമിന്റെ നേതൃത്വത്തിലായിരുന്നു സംഘാടനം. സ്പോട്ട് അഡ്മിഷനിലൂടെ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ജോർഡൻ, ഫിലിപ്പീൻസ്, നൈജിരീയ , ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 140ൽ പരം മത്സരാർഥികൾ പങ്കെടുത്തു.
80 കിലോയിൽ താഴെയുള്ളവർക്കായി നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ മലയാളിയായ റിന്റോ ജോസ് ഒന്നും, പാകിസ്താൻ സ്വദേശി അബ്ദുല്ല ഫാറൂഖ് കയനി രണ്ടും, മലയാളിയായ എബിൻ ടോമി മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
80 കിലോക്ക് മുകളിലുള്ളവരുടെ മത്സരത്തിൽ നൈജീരിയൻ സ്വദേശി ഡേവിസ് അകിടി ഒന്നും, മലയാളിയായ ഉമ്മർ ഫാസിൽ രണ്ടും, പാകിസ്താൻ സ്വദേശി മുഹമ്മദ് ഇസ്മായിൽ മൂന്നും സ്ഥാനം നേടി. ജോജു കൊമ്പൻ, മുജീബ് റഹ്മാൻ എന്നിവർ മത്സരം നിയന്ത്രിച്ചു. ജുബിൻ, സജാദ്, ഫൈസൽ, നിജു എന്നിവർ കോഓഡിനേറ്റ് ചെയ്തു.
ഇതോടൊപ്പം നടന്ന ഹാങ് ഓൺ ബാലൻസ് മത്സരവും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏറ്റവും കൂടുതൽ സമയം പ്രത്യേകം തയാറാക്കിയ ബാലൻസ് ബാറിൽ ശരീരഭാരം നിയന്ത്രിച്ചു ബാലൻസ് ചെയ്യുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്.
അബു ഹമൂറിലെ സഫാരി മാളിലും, അൽ ഖോർ, ബിർക്കത് അൽ അവാമിർ സഫാരി ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ പ്രത്യേകം നടത്തപ്പെട്ട മത്സരങ്ങളിൽനിന്നുള്ള വിജയികൾക്ക് വരും ദിവസങ്ങളിൽ സമ്മാനം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

