ഗൾഫ് കപ്പ്: ഖത്തറിന് മടക്കടിക്കറ്റ്
text_fieldsഗൾഫ് കപ്പ് ഗ്രൂപ് റൗണ്ടിൽ ഖത്തറും കുവൈത്തും തമ്മിലെ മത്സരത്തിൽ നിന്ന്
ദോഹ: പുതിയ പരിശീലകനു കീഴിൽ അറേബ്യൻ ഗൾഫ് കപ്പ് ദൗത്യത്തിനിറങ്ങിയ ഖത്തറിന് ഗ്രൂപ് റൗണ്ടിൽ തന്നെ തിരിച്ചടി. രണ്ട് സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി കുവൈത്തിൽനിന്നും മടക്കം. സെമി പ്രവേശനത്തിന് ജയം അനിവാര്യമായ മത്സരത്തിൽ ആതിഥേയരായ കുവൈത്തിനെതിരെ 1-1ന് സമനില നേടാനേ ഖത്തറിന് കഴിഞ്ഞുള്ളൂ. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഇരു ടീമുകളും സ്കോർ ചെയ്തത്. 74ാം മനിറ്റിൽ മുഹമ്മദ് ദഹമിന്റെ ഗോളിലൂടെ കുവൈത്ത് ലീഡ് നേടി. നിറഞ്ഞ ഗാലറിയുടെ പിന്തുണയോടെ പോരാടിയ കുവൈത്തിന്റെ ആക്രമണ നീക്കങ്ങളെ തടയാനും, മികച്ച മുന്നേറ്റങ്ങൾ നടത്താനും ഖത്തറിന് കഴിഞ്ഞെങ്കിലും സ്കോർബോർഡ് ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ മുഹമ്മദ് മുൻതാരിയാണ് സമനില ഗോൾ നേടിയത്. പക്ഷേ, സെമിയിലേക്കുള്ള യാത്രക്ക് ഈ ഗോളും സമനിലയും മതിയാകുമായിരുന്നില്ല. ഗ്രൂപ് ‘എ’യിൽനിന്നും ആദ്യ സ്ഥാനക്കാരായ ഒമാനും കുവൈത്തും സെമിയിൽ കടന്നു.

