കരുത്തുകാട്ടാൻ മൊറോക്കോ
text_fieldsഫിഫ അറബ് കപ്പിനെത്തുന്നവരിൽ ഏറ്റവും കരുത്തരിൽ ഒരാളാണ് അഷ്റഫ് ഹകിമിയുടെയും റുമൈയ്ൻ സായിസിയുടെയും യൂസുഫ് നെസിറിയുടെയുമെല്ലാം മൊറോക്കോ. സ്പെയിനിലെയും ഫ്രാൻസിലെയും ഇംഗ്ലണ്ടിലെയുമെല്ലാം പ്രധാന ക്ലബുകളുടെ താരങ്ങൾ. എന്നാൽ, ഫിഫ അറബ് കപ്പിനായി വരുന്നത് മറ്റൊരു മൊറോക്കോ ടീമാണ്. കോച്ചും നായകനുമെല്ലാം മാറിയ 'എ' ടീം. വാഹിദ് ഹലിഹോസിചാണ് സീനിയർ ടീം പരിശീലകനെങ്കിൽ, ഖത്തറിലേക്ക് പുറപ്പെടുന്ന ടീമിനെ മുൻ അൽ സദ്ദ് കോച്ച് കൂടിയായ ഹുസൈൻ അമൗതയാണ് പരിശീലിപ്പിക്കുന്നത്. എങ്കിലും ടൂർണമെൻറിലെ മികച്ച നിരകളിൽ ഒന്നുതന്നെയാണ് മൊറോക്കോ 'എ' ടീം. നാട്ടിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന താരങ്ങളെ കുത്തിനിറച്ചാണ് െമാറോക്കോക്കാർ ഖത്തറിലേക്ക് പറക്കുന്നത്.
വിദാദ് അത്ലറ്റികിെൻറ വെറ്ററൻ താരം ഇസ്മായിൽ ഹദ്ദാദ്, പുതുമുഖ താരം ആദം എൻഫാതി, പരിചയസമ്പന്നനായ ഇദ്രിസ് ഫതൂഹി തുടങ്ങിയവരാണ് ടീമിലെ പ്രധാനികൾ. ആഫ്രിക്കൻ ഫുട്ബാളിൽ കാര്യമായ മേൽവിലാസം കുറിച്ച മൊറോക്കോയുടെ രണ്ടാം നിരയാണ് അറബ് കപ്പിൽ പന്തുതട്ടുന്നതെങ്കിലും അവരെ വീഴ്ത്തുക എതിരാളികൾക്ക് വെല്ലുവിളി തന്നെയാണ്. ഡിസംബർ ഒന്നിന് ഫലസ്തീനെതിരെയാണ് ആദ്യമത്സരം.
Team 8
മൊറോക്കോ
ഫിഫ റാങ്ക്: 28
കോച്ച്: ഹുസൈൻ അമൗത
ക്യാപ്റ്റൻ: ബദ്ർ ബെനൗൻ
നേട്ടങ്ങൾ: ഫിഫ ലോകകപ്പ് (5 തവണ പങ്കാളിത്തം, 1986 പ്രീക്വാർട്ടർ), ആഫ്രിക്കൻ നേഷൻസ് (1976 ജേതാക്കൾ, 2004 റണ്ണേഴ്സ്), അറബ് കപ്പ് (2012 ജേതാക്കൾ)
യൂത്തിനെ കരുത്താക്കി സൗദി
ഏഷ്യൻ പവർഹൗസാണ് സൗദിയെന്ന ഗ്രീൻ ഫാൽക്കൺ. അറബ് മേഖലയിൽനിന്നും ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ചവരും, ഏഷ്യൻ ഫുട്ബാളിൽ മികച്ച റെക്കോഡ് സൂക്ഷിക്കുന്നവരും. എന്നാൽ, ഫിഫ അറബ് കപ്പിന് ജൂനിയർ ടീമായിരിക്കും ഇറങ്ങുന്നത്. സീനിയർ ടീം കോച്ച് ഹെർവ് റെനാർഡിെൻറ സഹായി ലോറൻറ് ബെനാദിക്കു കീഴിൽ കളത്തിലിറങ്ങുന്നവർ ഏറെയും പുതുമുഖങ്ങൾ.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച ഫോമിൽ കളിക്കുന്ന സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് യുവനിരയുമായി സൗദി വരുന്നത്. സൗദി ലീഗ് ടീമായ അൽ ഫാതിഹിെൻറ ഫിറാസ് അൽ ബുറൈകാൻ, അൽ ഹിലാലിെൻറ അബ്ദുല്ല അൽ ഹംദാൻ എന്നിവരാണ് ടീമിലെ പരിചയസമ്പന്നർ. 21 വയസ്സുകാരായ ഇരുവരും ദേശീയ ടീമിനായി 14 മത്സരം തികച്ചവർ. ബാക്കിയുള്ളവരിൽ 17 പേരും സീനിയർ ടീമിനായി ആദ്യമത്സരത്തിന് ബൂട്ട് കെട്ടുന്നവരാണ്. ടീമിെൻറ ശരാശരി പ്രായം 21 വയസ്സ്. ജോർഡനെതിരെ ഡിസംബർ ഒന്നിനാണ് ആദ്യ മത്സരം.
Team 9
സൗദി അറേബ്യ
ഫിഫ റാങ്ക്: 48
കോച്ച്: ലോറൻറ് ബൊനാദി
ക്യാപ്റ്റൻ: സൽമാൻ അൽ ഫറാജ്
നേട്ടങ്ങൾ: ഫിഫ ലോകകപ്പ് (5 തവണ പങ്കാളിത്തം, 1994 പ്രീക്വാർട്ടർ), ഏഷ്യാകപ്പ് (10, 1984, 1988, 1996 ചാമ്പ്യൻ), അറബ് കപ്പ് (7-1998, 2002 ചാമ്പ്യൻ), ഫിഫ കോൺഫെഡറേഷൻ (4-1992 റണ്ണേഴ്സ്)