അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗം ദോഹയിൽ
text_fieldsദോഹ:അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ 42ാമത് കൗൺസിൽ യോഗത്തിന് ദോഹ ആതിഥ്യം വഹിക്കും. ജനുവരി 25, 26 തീയതികളിലായാണ് യോഗം. അതിനുമുമ്പ് മുതിർന്ന ഉദ്യോഗസ്ഥർക്കായി രണ്ടുദിവസത്തെ തയാറെടുപ്പ് യോഗം നടക്കും.
സംയുക്ത അറബ് സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന നിരവധി സുപ്രധാന കാര്യങ്ങൾ കൗൺസിൽ ചർച്ചചെയ്യും. വികലാംഗരുടെ രണ്ടാം അറബ് ദശകം 2023-2032, ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ചുള്ള രണ്ടാമത്തെ അറബ് റിപ്പോർട്ട് എന്നിവയെക്കുറിച്ച് പ്രത്യേക ചർച്ചയുണ്ടാകും. അറബ് മേഖലയിലെ സാമൂഹിക വികസന പ്രക്രിയയ്ക്ക് ഫലപ്രദമായ മാറ്റങ്ങൾ ഉറപ്പുനൽകുന്ന വിധത്തിൽ സുപ്രധാന കൗൺസിൽ മീറ്റിങ്ങിന് തയാറെടുക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ അറബ് സോഷ്യൽ മിനിസ്റ്റീരിയൽ കൗൺസിലിന്റെ സാങ്കേതിക സെക്രട്ടേറിയറ്റ് താരീഖ് അൽ നബുൽസി പ്രശംസിച്ചു.
‘സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടതും ദുർബലവുമായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൗൺസിൽ ചർച്ചചെയ്യും. അറബ് പൗരന്മാരുമായി അതിന്റെ സാമൂഹിക വശങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ 2030 സുസ്ഥിര വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമാകും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരെ ഉൾപ്പെടുത്തുന്നത് വർധിപ്പിക്കുന്നതിനുള്ള വഴികളും ആരായും. ദാരിദ്ര്യം അതിന്റെ എല്ലാ തലങ്ങളിലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സജീവ ചർച്ചയാകുമെന്ന് ഖത്തർ വാർത്ത ഏജൻസിയോട് സംസാരിക്കുന്നതിനിടെ താരീഖ് അൽ നബുൽസി ചൂണ്ടിക്കാട്ടി.
കൂടാതെ വികസന, സാമൂഹിക മേഖലകളിൽ ഖത്തറിന്റെ വിജയകരമായ അനുഭവത്തെക്കുറിച്ചും ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് രാജ്യം മുൻകൈ എടുത്തതിനെ കുറിച്ചും അറബ് സാമൂഹികകാര്യ മന്ത്രിമാരെ അറിയിക്കുന്നതിനുള്ള അവസരമാണ് കൂടിക്കാഴ്ച. ഈ യോഗത്തിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ വരാനിരിക്കുന്ന അറബ് ഉച്ചകോടിയിൽ സമർപ്പിക്കുമെന്നും അൽ നബുൽസി പറഞ്ഞു.
കൗൺസിൽ യോഗത്തോടനുബന്ധിച്ച്, ജി.സി.സി രാജ്യങ്ങളിലെ സാമൂഹികകാര്യ മന്ത്രിമാരുടെ ഏകോപന യോഗവും അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഓഫിസിന്റെ 78ാമത് സെഷന്റെ യോഗവും നടക്കും. കൗൺസിലിന്റെ 42ാമത് സെഷനിൽ ഖത്തറിന്റെ അധ്യക്ഷതയിൽ സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, ഇറാഖ്, സുഡാൻ, ജിബൂതി, സോമാലിയ എന്നിവ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

