അറബ് ഇസ്ലാമിക് ഉച്ചകോടി; ഇസ്രായേൽ ഭീകരവാദത്തിനെതിരായ സന്ദേശം -കാബിനറ്റ് യോഗം
text_fieldsദോഹ: അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ വർധിച്ച പങ്കാളിത്തവും തീരുമാനങ്ങളും ഇസ്രായേൽ മേഖലയിൽ നടത്തുന്ന ഭീകരവാദത്തിനെതിരെ വ്യക്തമായ സന്ദേശം നൽകിയെന്ന് ഖത്തർ മന്ത്രിസഭ യോഗം വ്യക്തമാക്കി. ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണം ചർച്ച ചെയ്യാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ദോഹയിൽ ചേർന്ന അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ ചരിത്രപരമായ നിലപാടുകളെയും തീരുമാനങ്ങളെയും മന്ത്രിസഭ യോഗം പ്രശംസിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി അധ്യക്ഷനായ മന്ത്രിസഭ യോഗം ബുധനാഴ്ച അമീരി ദിവാനിൽ ചേർന്നു.
ഉച്ചകോടിയുടെ ആരംഭത്തിൽ അമീർ നടത്തിയ പ്രസംഗത്തിലെ ഉള്ളടക്കത്തെയും ഖത്തറിന് നേരെയുണ്ടായ ആക്രമണത്തിന്റെ ലക്ഷ്യങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച വസ്തുതകളെയും ഉച്ചകോടി പ്രശംസിച്ചു. ഇസ്രായേലിനെ ബാധിച്ച അധികാര ഭ്രാന്ത്, അഹങ്കാരം എന്നിവയെ ചെറുക്കാൻ നടപടികൾ സ്വീകരിക്കാനുള്ള അമീറിന്റെ ആഹ്വാനത്തെയും യോഗം പിന്തുണച്ചു. ഫലസ്തീനിലെ വംശഹത്യ, കുടിയൊഴിപ്പിക്കൽ, കുടിയേറ്റ വ്യാപനം, അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇടപെടൽ എന്നിവ ഇസ്രായേൽ തുടരുന്നതിനെതിരെയുള്ള ശക്തമായ നിലപാടാണിതെന്നും യോഗം വിലയിരുത്തി.
ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധി രാഷ്ട്രങ്ങളുടെ തലവന്മാരുടെ വാക്കുകൾ ഖത്തറിനോടുള്ള പൂർണ ഐക്യദാർഢ്യവും ശക്തവും ഏകീകൃതവുമായ അറബ്, ഇസ്ലാമിക നിലപാട് വ്യക്തമാക്കുന്നതുമായിരുന്നു. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പരമാധികാരത്തിനും പ്രദേശിക അഖണ്ഡതക്കും സമ്പൂർണ പിന്തുണ നൽകാനും അതിന് നേരെയുള്ള ആക്രമണത്തെ അപലപിക്കാനും ഉച്ചകോടി ആഹ്വാനം ചെയ്തു. യു.എൻ അംഗമായ ഒരു രാഷ്ട്രത്തിന് നേരെയുള്ള ആക്രമണമാണിത്. ഇത് ഇസ്രായേലിന്റെ തീവ്രമായ ആക്രമണ സ്വഭാവം തുറന്നുകാട്ടുന്നു.
ആക്രമണം നേരിടുന്നതിൽ ഖത്തർ സ്വീകരിച്ച വിവേകപൂർണവും ഉത്തരവാദിത്തബോധവുമുള്ള നിലപാടിനെയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള അതിന്റെ ഉറച്ച പ്രതിബദ്ധതയെയും യോഗം പ്രശംസിച്ചു. ജി.സി.സി സുപ്രീം കൗൺസിൽ തിങ്കളാഴ്ച ദോഹയിൽ നടത്തിയ അസാധാരണ യോഗതീരുമാനങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ആക്രമണത്തെ നേരിടാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി രാജ്യങ്ങൾ പൂർണ പിന്തുണ നൽകുമെന്ന് കൗൺസിൽ യോഗം പറഞ്ഞിരുന്നു.
ദോഹയിലെ ഹമാസ് ചർച്ചാ പ്രതിനിധി സംഘത്തിന്റെ താമസസ്ഥലത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ ഏകകണ്ഠമായി പ്രസ്താവന പുറത്തിറക്കിയതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഖത്തറിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും പിന്തുണ അറിയിച്ചും മേഖലയിലെ മധ്യസ്ഥ ശ്രമങ്ങളിലെ ഖത്തറിന്റെ നിർണായക പങ്കിന് പിന്തുണ നൽകിയുമായിരുന്നു യു.എൻ പ്രസ്താവനയിറക്കിയത്.
ഫലസ്തീൻ പ്രശ്നത്തിന്റെ പരിഹാരത്തിനായി ചേർന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച 'ന്യൂയോർക്ക് പ്രഖ്യാപന'ത്തെയും സ്വാഗതം ചെയ്ത കാബിനറ്റ് യോഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും 1967ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും നീതിന്യായ-കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നദി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

