അറബ് -ഇസ്ലാമിക് ഉച്ചകോടി; ഇസ്രായേലിന്റേത് വഞ്ചനപരവും ഭീരുത്വപൂർണവുമായ ആക്രമണം -അമീർ
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ
പങ്കെടുത്തപ്പോൾ
ദോഹ: വഞ്ചനപരവും ഭീരുത്വപൂർണവുമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തുരങ്കംവെക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. അറബ് മേഖല ഇസ്രായേലിന്റെ സ്വാധീനത്തിന് കീഴിൽവരുമെന്ന സ്വപ്നത്തിലാണ് നെതന്യാഹു. എന്നാലത് ഒരു അപകടകരമായ ഭ്രമം മാത്രമാണെന്നും അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ അമീർ പറഞ്ഞു.
അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളുടെ നേതാക്കൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹി എന്നിവർ മുൻനിരയിൽ
ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര ഉടമ്പടികളുടെയും നിയമങ്ങളുടെയും ലംഘനവുമാണ്. ഗസ്സ മുനമ്പിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേലി ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനും രണ്ടുവർഷമായി മധ്യസ്ഥശ്രമങ്ങളിലാണ് ഖത്തർ.ചർച്ചകളുടെ ഭാഗമായി ഹമാസിന്റെയും ഇസ്രായേലിന്റെയും പ്രതിനിധി സംഘങ്ങൾക്ക് ദോഹ ആതിഥേയത്വം വഹിച്ചു. ഈജിപ്തുമായും യു.എസുമായും സഹകരിച്ച് നടത്തിയ മധ്യസ്ഥതയിലൂടെ രണ്ട് വെടിനിർത്തൽ കരാറുകളിലൂടെ 135 ബന്ദികളെ മോചിപ്പിക്കാനും നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ വിട്ടയക്കാനും കഴിഞ്ഞു.
എന്നിട്ടും ഇസ്രായേൽ അതിന്റെ യുദ്ധം തുടർന്നു.സ്ഥിരമായ വെടിനിർത്തൽ, എല്ലാ ബന്ദികളുടെയും മോചനം, ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ പിന്മാറുക, മാനുഷിക സഹായം എത്തിക്കുക, ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മധ്യസ്ഥശ്രമങ്ങൾ തുടർന്നത്.വഞ്ചനപരമായ ആക്രമണത്തിനാണ് ഖത്തർ വിധേയമായത്. ഹമാസിൽനിന്നും ഇസ്രായേലിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങൾ ചർച്ചക്കായി ദോഹയിൽ എത്തിയിരുന്നു. ഹമാസ് നേതാക്കളുടെ യോഗംനടന്ന സ്ഥലം ഏവർക്കും അറിയാമായിരുന്നതാണ്.
ബന്ദിമോചനം ലക്ഷ്യമായിരുന്നുവെങ്കിൽ ചർച്ചക്കെത്തിയവരെ ലക്ഷ്യം വെച്ചത് എന്തിനായിരുന്നു? രാജ്യത്തേക്ക് ഡ്രോണും വിമാനവും അയക്കുന്ന രാഷ്ട്രത്തെ ഇനി എങ്ങനെ ചർച്ചക്ക് സ്വാഗതം ചെയ്യും -അദ്ദേഹം ചോദിച്ചു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആൽ സഊദ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെഷസ്കിയാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് എന്നിവരടക്കം 50ലധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

