അറബ്-ഇസ്ലാമിക് ഉച്ചകോടി ഖത്തറിന് പൂർണ പിന്തുണ; ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാരം
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടിയന്തര അറബ് ഇസ്ലാമിക് സമ്മിറ്റിൽ പങ്കെടുത്തപ്പോൾ
ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ രൂക്ഷമായ രീതിയിൽ കടന്നാക്രമിച്ച വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറിന് പൂർണപിന്തുണയും പ്രഖ്യാപിച്ചു. ഫലസ്തീനുള്ള പിന്തുണയായും വേദി മാറി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഇസ്രായേലിനെതിരെ നിർണായകമായ ചർച്ചകളാണ് നടന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലായിരുന്നു രണ്ടുദിവസവും സമ്മേളനം നടന്നത്. ഞായറാഴ്ച അറബ് -ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിച്ചത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയാറാക്കിയ കരടു പ്രമേയമാണ് മന്ത്രിമാർ ചർച്ച ചെയ്തത്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയാണ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ അറബ് -ഇസ്ലാമിക് ഉച്ചകോടി ആരംഭിച്ചത്. ഉച്ചകോടിയിൽ തീരുമാനമായ 25 പ്രസ്താവനകളാണ് അടിയന്തര ഉച്ചകോടി പുറപ്പെടുവിച്ചത്. തുടർന്ന് വൈകീട്ടോടെ സമാപിച്ച യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സയീദ് ആൽ നഹിയാൻ, ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇറാൻ പ്രസിഡന്റ് മസ്ഉൗദ് പെഷഷ്കിയാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് എന്നിവരടക്കം 50ലധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങൾ, ഒ.ഐ.സി രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

