അറബ് ഇസ്ലാമിക് സമിതി വിദേശകാര്യ മന്ത്രിമാരുടെ യോഗം; ഫലസ്തീനികളെ കുടിയിറക്കുന്ന പ്രസ്താവന പൂർണമായും തള്ളുന്നു
text_fieldsദോഹ: ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ പുറപ്പെടുവിച്ച പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായി അറബ് ഇസ്ലാമിക് സമിതി വിദേശകാര്യ മന്ത്രിമാർ. ഇത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഫലസ്തീനികളെ അവരുടെ നാട്ടിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെയും, യുദ്ധോപകരണങ്ങളായി ഉപരോധവും പട്ടിണിയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ബോംബാക്രമണം എന്നിവയെയും മന്ത്രിമാർ അപലപിച്ചു. ഈ നടപടികൾ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനത്തിനും സുരക്ഷക്കുമുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
വെസ്റ്റ് ബാങ്കിലെ തുടർച്ചയായ കുടിയേറ്റങ്ങൾ, വീടുകൾ പൊളിച്ചുമാറ്റൽ, കുടിയേറ്റക്കാരുടെ ആക്രമണം എന്നിവയെ അവർ വിമർശിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ആഹ്വാനം ചെയ്തു. ഇത് വംശീയ ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതായും മന്ത്രിമാർ പറഞ്ഞു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങൾ ലഭ്യമാക്കുകയും വേണം. ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ പിൻവലിച്ച് ഫലസ്തീൻ ദേശീയ അതോറിറ്റിക്ക് അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ നിയമലംഘനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭ സ്ഥാപിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രിമാർ ആവർത്തിച്ചു. ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ ഇസ്രായേലി ലംഘനങ്ങൾ തടയുന്നതിനുമുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയാണെന്നും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുമുള്ള ഒരേയൊരു മാർഗമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

