അറബ് ഗെയിംസ്; ബോക്സിങ്ങിൽ മെഡൽ നേട്ടം
text_fieldsഅറബ് ഗെയിംസ് ബോക്സിങ്ങിൽ മത്സരിക്കുന്ന ഖത്തറിന്റെ
ദാന അലി
ദോഹ: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിൽ ഖത്തറിന്റെ ആകെ മെഡൽ നേട്ടം ഒമ്പതിലെത്തി. അത്ലറ്റിക്സ് മത്സരങ്ങൾ സമാപിച്ച്, ഗെയിംസ് പോരാട്ടങ്ങൾക്ക് ചൂടുപിടിച്ചതിനു പിന്നാലെയാണ് ബോക്സിങ്ങിൽ ആദ്യ മെഡൽ ഇടിച്ചിട്ടു നേടിയത്. 63 കിലോ വിഭാഗത്തിൽ ദാന അലിയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇതോടെ, നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ ഒമ്പത് മെഡലുകളുമായി ഖത്തർ പട്ടികയിൽ മുന്നേറി.
അത്ലറ്റിക്സിൽ അവസാന ദിനം 400 മീ. ഹർഡ്ൽസിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടിയിരുന്നു. ടേബ്ൾടെന്നിസ്, ഫെൻസിങ് ഉൾപ്പെടെ വിവിധ ഗെയിംസ് ഇനങ്ങളിൽ ഖത്തർ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വോളിബാളിലും ഖത്തർ വിജയക്കുതിപ്പ് തുടങ്ങി. ജോർഡനെ 3-0ത്തിന് തോൽപിച്ചാണ് ടീം സെമി ഫൈനൽ യോഗ്യതക്ക് അരികിലെത്തിയത്. നിലവിൽ മെഡൽപട്ടികയിൽ 38 സ്വർണവും 22 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 87 മെഡലുകളുമായി ആതിഥേയരായ അൽജീരിയയാണ് മുന്നിൽ.

