കോടികൾ കിലുങ്ങും അറബ് കപ്പ് 13.2 കോടി റിയാൽ
text_fieldsദോഹ: വർഷാവസാനത്തിൽ ഖത്തർ വേദിയൊരുക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബാളിലെ ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനത്തുക. ടൂർണമെന്റിലെ ജേതാക്കൾ ഉൾപ്പെടെ ടീമുകൾക്കായി 13.2 കോടി റിയാൽ (ഏതാണ്ട് 311 കോടി രൂപ) സമ്മാനമായി നൽകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
മേഖലയിലെ ഫുട്ബാൾ ടൂർണമെന്റുകളുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഫിഫ അറബ് കപ്പ് പ്രാദേശിക സംഘാടക സമിതി പ്രഖ്യാപിച്ചത്. ജേതാക്കൾ, റണ്ണേഴ്സ് അപ്, മൂന്നാം സ്ഥാനക്കാർ, വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തവർ ഉൾപ്പെടെയുള്ള ആകെ പ്രതിഫലമാണ് പ്രഖ്യാപിച്ചത്.
മേഖലയിലെ ഫുട്ബാൾ വ്യാപനത്തിലും ശക്തിപ്പെടുത്തുന്നതിലും ഖത്തറിന്റെ നായകത്വം അടയാളപ്പെടുത്തിക്കൊണ്ടാണ് റെക്കോഡ് സമ്മാനത്തുക പ്രഖ്യാപിക്കുന്നതെന്ന് ഖത്തർ കായിക മന്ത്രിയും ടൂർണമെന്റ് സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഥാനി പറഞ്ഞു. ഡിസംബർ ഒന്നു മുതൽ 18 വരെയാണ് മേഖലയിലെ 16 അറബ് ടീമുകൾ മാറ്റുരക്കുന്ന അറബ് കപ്പിന് ഖത്തർ വേദിയൊരുക്കുന്നത്. അറബ് ഫുട്ബാളിന്റെയും ഐക്യത്തിന്റെയും ആഘോഷമായി അറബ് കപ്പ് ഫുട്ബാൾ മാറുമെന്നും ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു. പതിറ്റാണ്ട് മുമ്പ് നിലച്ചുപോയ അറബ് കപ്പിനെ 2021ൽ പുനരുജ്ജീവിപ്പിച്ച ഖത്തർ, അടുത്ത പതിപ്പിലൂടെ കൂടുതൽ ശക്തമായ ടൂർണമെന്റാക്കി മാറ്റുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
2022ൽ ഖത്തർ ആതിഥ്യംവഹിച്ച മേഖലയിലെ ആദ്യ ലോകകപ്പ് ഫുട്ബാളിന്റെ പിന്തുടർച്ച തുടരുകയാണ്. ലോകകപ്പിനു പിന്നാലെ നിരവധി വേൾഡ് ക്ലാസ് ടൂർണമെന്റുകൾക്ക് ആതിഥേയരായ മണ്ണിലാണ് നവംബറിൽ ഫിഫ അണ്ടർ 17 ലോകകപ്പും പിന്നാലെ അറബ് കപ്പും അരങ്ങേറുന്നത്. ഇരു മത്സരങ്ങളുടെയും നറുക്കെടുപ്പ് ഞായറാഴ്ച ദോഹയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

