അറബ് കപ്പ് ഉദ്ഘാടന മത്സരം : കൂടാരം നിറയും
text_fieldsദോഹ: നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിെൻറ ഉദ്ഘാടന മത്സരവേദി കൂടിയായ അൽ ബെയ്ത് സ്റ്റേഡിയത്തിൽ മുഴുവൻ കാണികൾക്കും പ്രവേശനം നൽകുമെന്ന് സംഘാടകർ. സ്റ്റേഡിയത്തിെൻറ പരമാവധി ശേഷിയായ 60,000 സീറ്റുകളിലേക്കും കാണികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം. നവംബർ 30ന് രാത്രി 7.30ന് ആതിഥേയരായ ഖത്തറും, ബഹ്റൈനും തമ്മിലാണ് അൽ ബെയ്ത്തിലെ ഉദ്ഘാടന മത്സരം.
സ്റ്റേഡിയം ശേഷിയുടെ മുഴുവനുമായി കാണികൾക്ക് പ്രവേശനം നൽകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വക്താവ് ഖാലിദ് അൽ നാമ അറിയിച്ചു. ഇതേ ദിവസം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തുനീഷ്യ, മൗറിത്വാനിയ മത്സരവും, സ്റ്റേഡിയം 974 (റാസ് അബൂഅബൂദ്)ൽ യു.എ.ഇ- സിറിയ മത്സവും, അൽ ജനൂബിൽ ഇറാഖ് -ഒമാൻ മത്സരവും നടക്കും. 16 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 25 റിയാൽ നിരക്കിലെ കാറ്റഗറി നാല് ടിക്കറ്റുകൾ ലഭ്യമാണ്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഒഴികെയാണ് 25 റിയാലിന് ടിക്കറ്റ് ലഭ്യമാവുക. ടിക്കറ്റ് വാങ്ങിയവരെല്ലാം, ഫാൻ കാർഡായ 'ഹയ്യാ കാർഡ്' കൂടി സ്വന്തമാക്കിയാലേ സ്റ്റേഡിയത്തിൽ പ്രവേശനം ലഭ്യമാവൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം നൽകുക. ഒക്ടോബർ 22ന് അൽ തുമാമ സ്റ്റേഡിയം ഉദ്ഘാടന മത്സര വേദിയിലേക്കും മുഴുവൻ ശേഷിയിൽ കാണികൾക്ക് പ്രവേശനം നൽകിയിരുന്നു.