അറബ് കപ്പ് ഫുട്ബാൾ; ഫലസ്തീന് ഫിഫയുടെ ക്ഷണം
text_fieldsദോഹ: ഖത്തർ വേദിയാകുന്ന ഫിഫ അറബ് കപ്പ് ഫുട്ബാളിൽ പന്തുതട്ടാൻ ഫലസ്തീന് ക്ഷണം. അറബ് രാജ്യങ്ങളുടെ ഫുട്ബാൾ ഉത്സവമായ കാൽപന്തുമേളയിൽ പങ്കുചേരാൻ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയാണ് ഫലസ്തീനെ ക്ഷണിച്ചത്. ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തറിലാണ് ഫിഫ അറബ് കപ്പ് ഫുട്ബാൾ അരങ്ങേറുന്നത്. മുഴുവൻ അറബ് രാജ്യങ്ങളും പങ്കാളികളാകുന്ന ചാമ്പ്യൻഷിപ്പിൽ പങ്കുചേരാൻ ക്ഷണിച്ചുകൊണ്ടുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ കത്ത് ലഭിച്ചതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷൻ ജിബ്രിൽ റജബ് പറഞ്ഞു. ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും ഖത്തറിൽ കളിച്ചതിനു ശേഷം, അതേ മണ്ണിൽ വീണ്ടും ഫലസ്തീന്റെ മത്സരങ്ങൾ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡിസംബറിൽ നടക്കുന്ന അറബ് കപ്പിൽ ഏഷ്യൻ, ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള അറബ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എന്നാൽ, ഡിസംബർ 21 മുതൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ആരംഭിക്കുമെന്നതിനാൽ ചില ടീമുകൾ രണ്ടാം നിരയെയാവും അറബ് കപ്പിൽ കളിപ്പിക്കുന്നത്. 2021 അറബ് കപ്പിലും ഫലസ്തീൻ പങ്കെടുത്തിരുന്നു. യോഗ്യതാ റൗണ്ട് കടന്നെത്തിയവർ പക്ഷേ, ഗ്രൂപ് റൗണ്ടിൽ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

