ആക്രമണം അവസാനിപ്പിക്കണം; സംയുക്ത പ്രസ്താവനയുമായി അറബ് രാജ്യങ്ങൾ
text_fieldsഅറബ്, ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ
അബ്ദുറഹമാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: മേഖലയിൽ വർധിച്ചുവരുന്ന ഇറാന്റെ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ ഉൾപ്പെടെയുള്ള 12 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇറാനിയൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ റിയാദിൽ നടത്തിയ കൂടിയാലോചനാ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സൗദി അറേബ്യ, അസർബൈജാൻ, ഈജിപ്ത്, ജോർഡൻ, കുവൈത്ത്, ലബനാൻ, പാകിസ്താൻ, സിറിയ, തുർക്കിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ആദ്യപടിയായി ഇറാൻ ആക്രമണങ്ങൾ നിർത്തണം. അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽപക്ക ബന്ധങ്ങൾ എന്നിവ ഇറാൻ ബഹുമാനിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങൾ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാനുമായുള്ള ഭാവി ബന്ധം മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിലെ ഇടപെടാതിരിക്കൽ, സൈനിക ശേഷി ഉപയോഗിച്ച് അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താതിരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
ഇറാൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) കർശനമായി പാലിക്കേണ്ടതുണ്ട്. ആക്രമണങ്ങൾ നിർത്തുക, പ്രകോപനപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കുക, സ്വന്തം താൽപര്യത്തിനായി അറബ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും ആയുധവും നൽകുന്നത് അവസാനിപ്പിക്കുക എന്നിവയും പ്രസ്താവനയിൽ ഊന്നിപ്പറയുന്നു.
ഹുർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ബാബ് അൽമന്ദബ് കടലിടുക്കിലെ സമുദ്ര സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ നീക്കങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ഇറാൻ വിട്ടുനിൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

