ഏപ്രിൽ 23: ലോക പുസ്തകദിനം; ഐ.സി.സിയിൽ പുത്തൻ ലൈബ്രറിയും വായനാമുറിയും ഒരുങ്ങുന്നു
text_fieldsഐ.സി.സിയിൽ ഒരുങ്ങുന്ന ലൈബ്രറിയും വായനാമുറിയും
ദോഹ: ലോക പുസ്തകദിനത്തിൽ വായനക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി). ഐ.സി.സിയുടെ അബു ഹമൂർ ആസ്ഥാനത്ത് ഒരുങ്ങുന്ന ലൈബ്രറിയും വായനാമുറിയും ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും.പുസ്തക വായന ഇഷ്ടപ്പെടുന്നവർക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പങ്കുവെക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നതിനൊപ്പം, വായിച്ച പുസ്തകങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സംവദിക്കാനുള്ള ഒരിടം കൂടി പ്രവാസികൾക്കായി ഒരുക്കാനാണ് ഐ.സി.സി ലക്ഷ്യമിടുന്നത്.
കൂടുതൽ വിപുലമായ ലൈബ്രറി സജ്ജമാക്കുന്നതിനായി പുസ്തക പ്രേമികളുടെ സഹകരണം ഉണ്ടാകണമെന്ന് ഐ.സി.സി അഭ്യർത്ഥിക്കുന്നു. നിലവിൽ ഐ.സി.സിയുടെ ലൈബ്രറിയിലേക്ക് പ്രവാസി സുഹൃത്തുക്കളിൽനിന്നായി ആറായിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ശേഖരം കൂടുതൽ വിപുലീകരിക്കുന്നതിനായി എല്ലാ പ്രവാസി സൃഹൃത്തുക്കളുടെ സഹായം ആവശ്യമാണെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു.
നിങ്ങളുടെ കൈവശമുള്ള, വായിച്ചു തീർന്ന പുസ്തകങ്ങൾ ഐ.സി.സിയുടെ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകാവുന്നതാണ്. സംഭാവന ചെയ്യുന്ന പുസ്തകങ്ങളിൽ ഉടമസ്ഥന്റെ പേര് രേഖപ്പെടുത്തി, വായനക്കാർക്കായി അത് കാത്തുവെക്കും. ഇതിലൂടെ വായനക്കാർക്കായി ഒരു വലിയ പുസ്തകശേഖരം കരുതിവെക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എ.പി. മണികണ്ഠൻ (5552 7638), അബ്രഹാം കെ. ജോസഫ് (5536 5039), രവീന്ദ്രപ്രസാദ് (5586 8595) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

