ജാഗ്രത കൈവിട്ടാൽ ആപ്പുകൾ പൊല്ലാപ്പാകും
text_fieldsദോഹ: ആപ്പുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകൾ സുഗമമാണ്. ഇക്കാലത്ത് അവ ഒഴിവാക്കാനും സാധ്യമല്ല. സമയവും അധ്വാനവും ലാഭിക്കാനും ഇ- ഇടപാടുകളിലൂടെ സാധ്യമാകും. വിവിധ ആപ്പുകൾ ഇന്ന് സുപരിചിതമാണ്. അവ ഉപയോഗിച്ച് പണമിടപാടു വരെ നടത്തുന്നതു വ്യാപകമാണ്. എന്നാൽ ജാഗ്രത കൈവിട്ടാൽ ആപ്പുകൾ പൊല്ലാപ്പാകുമെന്നാണ് അധികൃതർ പറയുന്നത്.വിവിധ ആപ്പുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ സൈബർ തട്ടിപ്പുകളും കൂടുകയാണ്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫോണിലേക്ക് എസ്.എം.എസ് വഴി ലഭിച്ച ഒ.ടി.പി അഥവാ വൺടൈം പാസ്വേർഡ് ഒരു കാരണവശാലും ആർക്കും ൈകമാറരുത്.
എന്തെങ്കിലും വിവരം കൈമാറുന്നതിനു മുമ്പ് നിങ്ങൾക്ക് വരുന്ന ഫോൺ വിളികളുെടയും സന്ദേശങ്ങളുെടയും ആധികാരികത ഉറപ്പുവരുത്തണം. ചുറ്റും നടക്കുന്ന ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് സുഹൃത്തുക്കൾ, കുടുംബങ്ങൾ, മറ്റുള്ളവർ തുടങ്ങിയവർക്കു കൂടി വിവരം കൈമാറണമെന്നും മന്ത്രാലയം നിർദേശം നൽകുന്നു.
സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന വിവിധ വഴികൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ബോധവത്കരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വ്യക്തിവിവരങ്ങൾ കവരുക, പണം തട്ടുക, മറ്റ് കുറ്റകൃത്യങ്ങൾ നടത്തുക തുടങ്ങിയവ സംബന്ധിച്ചാണ് ബോധവത്കരണം. തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ, ഉപകരണങ്ങൾ, മറ്റ് ഇൻറർനെറ്റ് വഴികൾ എന്നിവ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ ഇത് ഏറെ ഉപകരിക്കുന്നുണ്ട്. 2018ൽ ൈസബർ ക്രൈം ഡിപ്പാർട്മെൻറിന് ലഭിച്ച പരാതികളിൽ 40 ശതമാനവും ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധെപ്പട്ടതായിരുന്നു. ആകെ പരാതികളുടെ 40 ശതമനം വരുമിത്. വാട്സ്ആപ്പ്, എസ്.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ് അധികവും.
ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്. ഓരോരുത്തരും തങ്ങളുടെ ഇ-മെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണം. മാത്രമല്ല പാസ്വേഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
തട്ടിപ്പ് വിവരങ്ങൾ സൈബർ സുരക്ഷാസംഘത്തിന് നൽകണം
തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ പൂർണവിവരങ്ങൾ സൈബർ സുരക്ഷാസംഘത്തിന് നൽകണം. മൊബൈൽ: 66815757, ഫോൺ: 2347444. ഇമെയിൽ: cccc@moi.gov.qa. മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയും പരാതികൾ നൽകാം.
ചൂണ്ടയിടൽ അഥവ ഫിഷിങ്
ഇൻറർനെറ്റ് വഴി സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി തട്ടിപ്പുകൾ നടത്തുന്നതിന് 'ഫിഷിങ്' എന്നാണ് പറയുക. അപകടകരമായ ഫയലുകൾ അടങ്ങുന്ന അറ്റാച്ച്മെൻറ് തുറക്കാനാവശ്യപ്പട്ടുകൊണ്ടോ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിച്ചു കൊണ്ടോ ആയിരിക്കും ഇരകളെ തട്ടിപ്പുകാർ വലയിൽ വീഴ്ത്തുന്നത്. ഇത്തരം ഇ-മെയിലുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണം.
ഇത്തരം സൈബർ ആക്രമണങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടാനും കമ്പ്യൂട്ടർ തന്നെ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. യഥാർഥമെന്ന് തോന്നിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴിയോ, നിങ്ങളുടെ സുഹൃത്തുക്കൾ, വ്യക്തികൾ, സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ പേരിലോ ഉള്ള ഇ-മെയിലുകൾ വഴിയോ ആയിരിക്കും ആക്രമണകാരികൾ സമീപിക്കുക. ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇ-ഷോപ്പിങ്ങിനുപയോഗിക്കുന്ന വിവരങ്ങൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ ഇതിലൂടെ മോഷ്ടിക്കപ്പെടാം.
സൈബർ തട്ടിപ്പിന് പല രൂപങ്ങൾ
പലരൂപങ്ങളും വഴികളുമാണ് സൈബർ തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. തങ്ങളുടെ വ്യക്തിവിവരങ്ങൾ മാറ്റണമെന്ന് പറയുന്ന തരത്തിലാണ് മിക്ക തട്ടിപ്പ് സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്.
എ.ടി.എം കാർഡ് സുരക്ഷാകാരണങ്ങളാൽ റദ്ദാക്കെപ്പട്ടിരിക്കുന്നുവെന്നും പറഞ്ഞ് സി.െഎ.ഡി വകുപ്പിൽ നിന്നെന്ന വ്യാജേനയുള്ള സന്ദേശങ്ങളും പലർക്കും വരുന്നുണ്ട്. സി.െഎ.ഡിയിൽനിന്നുള്ള നിർദേശപ്രകാരം ഇനിയുള്ള ഇടപാടുകൾ നടത്താൻ കഴിയില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഖത്തർ സി.െഎ.ഡിയുമായി പ്രത്യേക നമ്പറിൽ ബന്ധപ്പെടണമെന്നും പറയും. ഖത്തർ മൊബൈൽ നമ്പറിൽ നിന്നാണ് സന്ദേശം വരുന്നത്. ഈ നമ്പറിലേക്ക് വിളിച്ചാൽ എ.ടി.എം കാർഡിെൻറ പ്രശ്നങ്ങൾ പരിഹരിക്കാനായി ഫീസ് വേണമെന്നായിരിക്കും ചിലപ്പോൾ മറുതലക്കലിൽ നിന്നുള്ള ആവശ്യം. അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം രഹസ്യനമ്പറുകൾ എന്നിവയും ആവശ്യപ്പെടാറുണ്ട്.
ഇത് വിശ്വസിച്ച് വ്യക്തിവിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയാവും ഫലം. ബമ്പർ സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഇത് നിങ്ങൾക്ക് എത്തിക്കാൻ സർവിസ് ചാർജ് ആവശ്യമുണ്ടെന്നും അത് ഉടൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ വൻതുക സമ്മാനം താങ്കളുടെ അക്കൗണ്ടിൽ എത്തുമെന്നും പറയുന്ന സന്ദേശങ്ങളും പലർക്കും വരുന്നുണ്ട്. ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിക്കുന്ന വ്യാജകോളുകളും സന്ദേശങ്ങളും പലർക്കും വരുന്നുണ്ട്. ബാങ്കുകളോ മൊബൈൽ കമ്പനികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ വ്യക്തി വിവരങ്ങളോ ആവശ്യെപ്പട്ട് ഒരിക്കലും ഉപഭോക്താവിനെ വിളിക്കാറില്ല. അതിനാൽ തന്നെ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.