ഖത്തറിൽ നാല് അധ്യയന വർഷത്തെ അക്കാദമിക് കലണ്ടറിന് അംഗീകാരം
text_fieldsവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: അടുത്ത നാല് അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. 2023-2024 മുതൽ 2026-2027 വരെ അടുത്ത നാല് അധ്യയന വർഷത്തേക്കുള്ള സ്കൂൾ കലണ്ടറിന് അംഗീകാരം നൽകുന്ന മന്ത്രിതല തീരുമാനം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽജാബിർ അൽ നുഐമി ബുധനാഴ്ച പുറത്തിറക്കി.
ഖത്തറിലെ മാനുഷിക വികസനത്തിന്റെ ആധാരശിലയായ ഖത്തർ നാഷനൽ വിഷൻ 2030നോട് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള അതീവ താൽപര്യത്തിന്റെയും താദാത്മ്യത്തിന്റെയും ഫലമായാണ് തീരുമാനം.
2023-2024 അധ്യയന വർഷത്തിന്റെ ആരംഭംകുറിച്ച് ആഗസ്റ്റ് 27നാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. ഈ അധ്യയന വർഷത്തിന്റെ മധ്യകാല അവധി 2023 ഡിസംബർ 28നാണ്. സ്‌കൂൾ സ്റ്റാഫ് അവധി 2024 ജൂൺ 30 മുതൽ ആഗസ്റ്റ് 22 വരെയായിരിക്കും.
2024-2025 അധ്യയന വർഷം 2024 സെപ്‌റ്റംബർ ഒന്നിനാണ് തുടക്കമാവുക. ഈ അധ്യയന വർഷത്തിലെ മിഡ്-ടേം ബ്രേക്ക് 2024 ഡിസംബർ രണ്ടിനാണ്. സ്‌കൂൾ സ്റ്റാഫ് അവധി 2025 ജൂലൈ ആറുമുതൽ ആഗസ്റ്റ് 21 വരെയായിരിക്കും. 2025-2026 അധ്യയന വർഷത്തിനായി 2025 ആഗസ്റ്റ് 31ന് സ്‌കൂളുകൾ തുറക്കും. ഈ അധ്യയന വർഷത്തിലെ മിഡ്-ടേം ബ്രേക്ക് 2025 ഡിസംബർ 28 ആണ്. സ്കൂൾ സ്റ്റാഫ് ഹോളിഡേ 2026 ജൂലൈ ഒന്നുമുതൽ ആഗസ്റ്റ് 20 വരെയായി നിശ്ചയിച്ചിരിക്കുന്നു. 2026-2027 അധ്യയന വർഷം തുടങ്ങുന്നത് 2026 ആഗസ്റ്റ് 30നാണ്. 2026 ഡിസംബർ 27നാണ് മിഡ്-ടേം അക്കാദമിക് അവധി. സ്റ്റാഫ് അവധി 2027 ജൂൺ നാലുമുതൽ ആഗസ്റ്റ് 19 വരെയാണ്. അടുത്ത നാല് വർഷത്തേക്കുള്ള മുഴുവൻ അക്കാദമിക് കലണ്ടറും https://www.edu.gov.qa/ar/Pages/pubschoolsdefault.aspx?ItemID=175 ലിങ്കിൽ കാണാവുന്നതാണ്.
അക്കാദമിക് കലണ്ടറിലെ നിർദേശങ്ങൾ
- അന്താരാഷ്ട്ര നിലവാരത്തിനും ആഗോള വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കും അനുസൃതമായി സ്കൂൾ ദിവസങ്ങൾ സമീകരിക്കുക
- അധ്യാപകർക്കും വിദ്യാർഥികൾക്കും ശരിയായ അവധിസമയം നൽകുക
- വേനലവധിക്കാലത്തേക്കാൾ സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ രണ്ടാം റൗണ്ട് പരീക്ഷകൾ ഷെഡ്യൂൾ ചെയ്യുക
- സ്റ്റാഫ് പരിശീലനത്തിനും പ്രഫഷനൽ ഡെവലപ്മെന്റിനുമായി എല്ലാ അധ്യയന വർഷത്തിന്റെയും ആദ്യ സെമസ്റ്ററിന്റെ ആദ്യ ആഴ്ചയിൽ മൂന്നുദിവസം നിശ്ചയിച്ച് നടപ്പാക്കുക
- മധ്യവർഷത്തെ ഇടവേളക്കുശേഷം രണ്ടാം സെമസ്റ്ററിന്റെ ആദ്യ പ്രവൃത്തി ദിവസം (ഞായർ) ജീവനക്കാരുടെ പരിശീലനത്തിനും പ്രഫഷനൽ വികസനത്തിനുമായി അനുവദിക്കുക. വിദ്യാർഥികൾക്ക് തിങ്കളാഴ്ച സ്കൂൾ ആരംഭിക്കുക
- മിഡ്ടേം പരീക്ഷകൾക്കുശേഷം വിദ്യാർഥികൾക്കും അധ്യാപകർക്കും വിശ്രമിക്കാൻ സമയം നൽകുന്നതിനായി രണ്ടാം സെമസ്റ്ററിന്റെ മിഡ്ടേം അവധി റദ്ദാക്കി പകരം ഒക്ടോബറിൽ ഒരാഴ്ച ഒന്നാം സെമസ്റ്ററിന്റെ മിഡ്ടേം അവധി നൽകുക. രണ്ടാം സെമസ്റ്ററിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ അവധികൾ ഉൾപ്പെടെ നിരവധി ഔദ്യോഗിക അവധികൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

