ആൻറിബയോട്ടിക് ദുരുപയോഗം: ലോക അവബോധ വാരാചരണവുമായി ആസ്റ്റർ
text_fieldsലോക ആൻറി മൈക്രോബിയല്‍ അവബോധ വാരാചരണ പരിപാടിയിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അധികൃതർ
ദോഹ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലോക ആൻറിബയോട്ടിക് അവബോധ വാരാചരണം നടത്തി. ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് ഖത്തറിലെ വിവിധ ഭാഗങ്ങളിലെ ആസ്റ്റര്‍ മെഡിക്കല്‍ സെൻററുകളും ദോഹ ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ആസ്റ്റര്‍ ഹോസ്പിറ്റലും കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നടത്തിയത്.
ആൻറിബയോട്ടിക്ക് പോലുള്ള മരുന്നുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ ശരീരം അതുമായി കൂടുതല്‍ ഇഴുകിച്ചേരുമെന്നും അത് പിന്നീട് ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ പോലും അസുഖം മാറാത്ത വിധത്തില്‍ ബാധിക്കുമെന്നുമുള്ള സന്ദേശം ലോകത്താകമാനം എത്തിക്കുന്നതിനായാണ് എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ വേള്‍ഡ് ആൻറി മൈക്രോബിയല്‍ അവയേര്‍നസ് വീക്ക് ആയി ലോകാരോഗ്യ സംഘടന ആചരിച്ചുവരുന്നത്.
നവംബര്‍ 18 മുതല്‍ 24 വരെ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ആസ്റ്റര്‍ ഖത്തര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. സമീര്‍ മൂപ്പന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അവബോധ പരിപാടികള്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കപില്‍ ചിബ്, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ. മഹേഷ് പട്ടേല്‍, മൈക്രോബയോളജിസ്റ്റും ഇന്ഫെക്ഷന് കണ്ട്രോള് ഓഫിസറുമായ ഡോ. ബിനോയ് കുര്യന്, നഴ്സിങ് വിഭാഗം മേധാവി റെജീന പിന്ഡോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇന്ന് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് ശരീരം ആൻറി മൈക്രോബിയല്‍ മരുന്നുകളോട് പ്രതികരിക്കാതാകുന്ന സ്ഥിതിയെന്ന് ഡോ. സമീര്‍ മൂപ്പന് അഭിപ്രായപ്പെട്ടു. നിരന്തരമായും അനാവശ്യമായും ചെറിയ അസുഖങ്ങള്‍ക്കുപോലും ആൻറി മൈക്രോബിയല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ഇതുമൂലം ചികിത്സ ചെലവും ഹോസ്പിറ്റല്‍ വാസവും വർധിക്കും. ഇത് വലിയ ശസ്ത്രക്രിയകളുടെ വിജയത്തെയും ചികിത്സക്കുംവരെ ബാധിക്കും.
ബാക്ടീരിയ, വൈറസ്, ഫങ്കി, പാരസൈറ്റ്സ് എന്നീ രോഗാണുക്കള്‍ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും അതുവഴി അസുഖം മാറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആൻറി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്). വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഇത് മരണത്തിനുവരെ കാരണമാകും. ലോകവ്യാപകമായി കോവിഡ് പകരുന്ന ഈ സാഹചര്യത്തില്‍ ആൻറിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കോവിഡിനുകാരണം വൈറസാണ്, ബാക്ടീരിയ അല്ല.അതിനാൽ തന്നെ ആൻറിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാകില്ലെന്നും ഡോ. ബിനോയ് കുര്യന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.