വീണ്ടുമൊരു കളിയുത്സവകാലം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിലൂടെ കാൽപന്തുകളിയുടെ പൂരനഗരിയായ ഖത്തറിന്റെ മണ്ണിലേക്ക് വീണ്ടും കളിയുത്സവകാലമെത്തുന്നു. വിവിധ വൻകരകളിൽ നിന്നുള്ള ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന ഫിഫ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിന്റെ ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങൾക്ക് ഡിസംബറിൽ ഖത്തർ വേദിയാകുമെന്ന് ഫിഫ കഴിഞ്ഞദിവസം അറിയിച്ചു.
ഇതിനുപുറമേ, നവംബർ മൂന്നു മുതൽ 27 വരെ അണ്ടർ 17 ഫിഫ ലോകകപ്പിന് രാജ്യം ആതിഥ്യമരുളും. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയതും, രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽനിന്നും വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്. 104 മത്സരങ്ങളാണ് നടക്കുന്നത്. മുഴുവൻ വൻകരകളിൽ നിന്നുമുള്ള ടീമുകളുടെ യോഗ്യതാ പോരാട്ടങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയങ്ങൾ ഉൾപ്പെടെ എട്ടിടങ്ങളിലായി മത്സരങ്ങൾ നടക്കും. ഏഷ്യയിൽനിന്നും ആതിഥേയരായ ഖത്തറിനു പുറമെ, അയൽക്കാരായ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അർജന്റീന, ബ്രസീൽ, യൂറോപ്പിൽ നിന്നും പോർചുഗൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യരായെത്തിയിട്ടുണ്ട്.
അറേബ്യൻ രാജ്യങ്ങളുടെ വീറുറ്റ ഫുട്ബാൾ മത്സരമായ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകും. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. ഡിസംബർ ഒന്നിന് കിക്കോഫ് കുറിക്കുന്ന അറബ് കപ്പിന്റെ കലാശപ്പോരാട്ടം ഖത്തർ ദേശീയ ദിനമായ 18ന് നടക്കും. അറബ് മേഖലയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വിവിധ സുപ്രധാന ടൂർണമെന്റുകളിലൂടെ ഫുട്ബാൾ പ്രേമികളുടെ കാൽപന്ത് ഉത്സവത്തിന് ഒരുങ്ങുകയാണ് ഖത്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

