അൽ റയ്യാനിലേക്കെന്ന് സൂചന; ഘാന താരം ആന്ദ്രേ ആയൂ അൽ സദ്ദ് വിട്ടു
text_fieldsദോഹ: ഘാനയുടെ സൂപ്പർ താരം ആന്ദ്രേ ആയൂ ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് ക്ലബ് വിട്ടു. രണ്ടു വർഷത്തേക്ക് അൽ സദ്ദുമായി കരാർ ഒപ്പിട്ട 33കാരൻ കരാർ തീരാൻ അഞ്ചുമാസം ബാക്കിനിൽക്കെയാണ് അൽ സദ്ദുമായുള്ള പരസ്പര ധാരണയോടെ ക്ലബ് വിടുന്നത്. ആയൂ അൽ സദ്ദ് വിടുമെന്ന അഭ്യൂഹം കുറച്ചുനാളായി ശക്തമായിരുന്നു. ക്ലബ് വിടുന്ന കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ആയൂ പരസ്യമാക്കിയത്. അൽ സദ്ദിന്റെ മുൻ കോച്ച് സാവി ഹെർണാണ്ടസിന് താരം നന്ദി അറിയിച്ചു.
‘‘അൽ സദ്ദ് എഫ്.സിയോട് വലിയ നന്ദിയുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച പരിശീലകരോടും ഏറെ കടപ്പാടുണ്ട്. പ്രത്യേകിച്ച് സാവിയോട്. അദ്ദേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. എന്നോടൊപ്പം ചേർന്നുനിന്ന സഹതാരങ്ങളോടും നന്ദി പറയുന്നു. ഈ വർഷങ്ങളിൽ അകമഴിഞ്ഞ പിന്തുണ നൽകി അതിശയിപ്പിച്ച ആരാധകരോടും ഏറെ നന്ദിയുണ്ട്’’-ഖത്തർ ലോകകപ്പിൽ ഘാനയുടെ നായകനായിരുന്ന ആയൂ കുറിച്ചു.
‘‘അൽ സദ്ദിന്റെ സമ്പന്നമായ പാരമ്പര്യത്തോടൊപ്പം ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണു ഞാൻ. ഖത്തർ സ്റ്റാർസ് ലീഗ്, ഖത്തർ എഫ്.എ കപ്പ് എന്നിവ ജയിക്കാനും കഴിഞ്ഞു. 39 മത്സരങ്ങളിൽ ക്ലബിനുവേണ്ടി കളത്തിലിറങ്ങി 22 ഗോളും സ്കോർ ചെയ്തിട്ടുണ്ട്’’-ആയൂ കൂട്ടിച്ചേർത്തു. അൽ സദ്ദിന് തന്റെ ഹൃദയത്തിൽ എക്കാലവും സവിശേഷ സ്ഥാനമുണ്ടാകുമെന്നും എല്ലാ ഭാവുകങ്ങളും നേരുന്നതായും സ്റ്റാർ സ്ട്രൈക്കർ പറഞ്ഞു.
2021ൽ ഇംഗ്ലീഷ് ക്ലബായ സ്വാൻസീ സിറ്റിയിൽനിന്നാണ് ആയൂ അൽ സദ്ദിലേക്കെത്തിയത്. ആയൂവിന്റെ പിതാവും ഘാനയുടെ ഇതിഹാസ താരവുമായ അബേദി പെലെയും 1983ൽ അൽ സദ്ദിന് കളിച്ചിരുന്നു. ആദ്യ ഒരു വർഷം ആയൂ സാവിക്കു കീഴിലായിരുന്നു അൽ സദ്ദിൽ പന്തുതട്ടിയത്. ഖത്തർ ലീഗിൽ അൽ സദ്ദിന്റെ എതിരാളികളായ അൽ റയ്യാൻ ആയിരിക്കും ആയൂവിന്റെ അടുത്ത തട്ടകമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

