അമീറിന്റെ ചിത്രങ്ങളുമായി ഒരു കലാപ്രദർശനം
text_fieldsആർട്ട് ഫാക്ടറിയിൽ ആരംഭിച്ച പോർട്രെയ്റ്റ് പെയിന്റിങ് എക്സിബിഷനിലെ അമീറിന്റെ ചിത്രങ്ങൾ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വൈവിധ്യമാർന്ന പെയിന്റിങ്ങുകളുമായി വേറിട്ടൊരു പ്രദർശനം. ഖത്തറിലെയും വിദേശങ്ങളിലേതുമായ 78 കലാകാരന്മാരാണ് വിവിധ വർണങ്ങളിൽ രാഷ്ട്രനായകന്റെ ആത്മവിശ്വാസവും ദൃഢതയും പ്രകടമാക്കുന്ന പെയിന്റിങ്ങുകളിലൂടെ ശ്രദ്ധേയ പ്രദർശനത്തിന് തുടക്കം കുറിച്ചത്.
‘എക്സ്പീരിയൻ ദ ആർട് ഓഫ് ലീഡർഷിപ് ആൻഡ് ലഗസി’ എന്ന പേരിൽ ആർട്ട് ഫാക്ടറിയിൽ നവംബർ 27ന് ആരംഭിച്ച പ്രദർശനം ശൈഖ് ജാബർ ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ നീളുന്ന പ്രദർശനത്തിൽ വിവിധ രാജ്യക്കാരായ 78 കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാണ് ആർട്ട് ഫാക്ടറിയുടെ ചുമർ നിറക്കുന്നത്. ഖത്തറിലെ പ്രവാസി മലയാളി കലാകാരന്മാരും പ്രദർശനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.ആർട്ട് ഫാക്ടറിയുടെ വിശാലമായ ഗാലറിയിൽ എക്സിബിഷനോടൊപ്പം പ്രഗല്ഭരായ ചിത്രകാരന്മാർ തത്സമയ ചിത്രരചന കലാസ്വാദകരെയും വിദ്യാർഥികളെയും ചിത്ര കലയിലെ തുടക്കക്കാരെയും ഏറെ ആകർഷിക്കുന്നു.
ഖത്തർ അമീറിന്റെ പോർട്രെയിറ്റ് പെയിന്റിങ് എക്സിബിഷൻ മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആർട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളുടെ പ്രദർശനം തുടരുന്നതാണ്. മൂന്നാം ഘട്ടത്തിൽ നടക്കുന്ന ലൈവ് പെയിന്റിങ്ങിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പോർട്രെയ്റ്റ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ അവാർഡും പാരിതോഷികവും നൽകുമെന്നും സംഘാടകർ പറഞ്ഞു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ
കലകളെ പ്രോത്സാഹിപ്പിക്കുന്ന ഖത്തറിൽ തുടർച്ചയായ ചിത്രപ്രദർശനങ്ങളിലൂടെ തങ്ങളുടെ അനിവാര്യത അടയാളപ്പെടുത്തുന്ന ആർട്ട് ഫാക്ടറി, ചിത്രകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ ഒറ്റക്കും കൂട്ടായും പ്രദർശിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കുന്നു. വിവിധങ്ങളായ ഫ്രെയിമുകളുടെ വലിയ ശേഖരവും കാൻവാസ് സ്ട്രെച്ചിങ്, ചിത്രരചനക്കാവശ്യമായ കാൻവാസ്, പെയിന്റുകൾ, ബ്രഷുകൾ തുടങ്ങി എല്ലാത്തരം ആർട്ട് മെറ്റീരിയലുകളും ആർട്ട് ഫാക്ടറിയിൽ ലഭ്യമാണ്. ആർട്ട് ക്ലാസുകൾ, കാലിഗ്രഫി ക്ലാസുകൾ, വർക്ക് ഷോപ്പുകൾ, ആർട്ടിസ്റ്റുകളുമായുള്ള സംവാദങ്ങൾ, എക്സിബിഷൻ, ലൈവ് പെയിന്റിങ് തുടങ്ങി ചിത്രകലയുടെ എല്ലാ സാധ്യതകളും ആർട്ട് ഫാക്ടറി മുന്നോട്ടുവെക്കുന്നതോടൊപ്പം മനോഹരമായ ആയിരത്തിലധികം പെയിന്റിങ്ങുകൾ വിൽപനക്കായി ഒരുക്കിയിരിക്കുന്നു.
ഖത്തറിലെ മജ്ലിസുകളിലും മാളുകളിലും സർക്കാർ ഓഫിസുകളിലും ആർട്ട് ഫാക്ടറിയുടെ അടയാളപ്പെടുത്തലുകൾ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

