ഹമദ് വിമാനത്താവളത്തിൽ ഒരു ‘മൃഗസമ്മേളനം’
text_fieldsഹമദ് വിമാനത്താവളത്തിൽ സ്ഥാപിച്ച ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിലെ കലാസൃഷ്ടി
ദോഹ: പച്ചപ്പ് നിറഞ്ഞ കൊച്ചു കാടിനുള്ളിൽ ആനയും കടുവയും സിംഹവും മുതൽ കുതിരയും ജിറാഫും കുരങ്ങനും വരെ ചേർന്നിരിക്കുന്ന ഒരു വട്ടമേശ സമ്മേളനം. ഖത്തറിൽ തന്നെയാണ് സംഭവം. ഹമദ് വിമാനത്താവളത്തിലെ ടെർമിനലിനുള്ളിലായി ഒരുക്കിയ ഒച്ചാഡ് പൂന്തോട്ടത്തിനുള്ളിലാണ് യാത്രക്കാർക്ക് മറ്റൊരു അതിശയ കാഴ്ചയായി ഈ കലാസൃഷ്ടികൾ സജ്ജമാക്കിയത്.നീളമേറിയ മേശക്ക് ചുറ്റിലും ആനയുടെ അധ്യക്ഷതയിൽ ഒരു ചർച്ച എന്ന ആശയത്തിലാണ് ലോകപ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാർക്കും ചേർന്ന് ‘വൈൽഡ് ലൈഫ് വണ്ടർസ്കേപ്സ്’ എന്ന പേരിൽ കലാസൃഷ്ടി തയാറാക്കിയത്.
‘വൈൽഡ് റൈഡ് ഇൻ ദോഹ’ എന്ന പേരിലെ കലാസൃഷ്ടി
മൂന്ന് സൃഷ്ടികളാണ് ഹമദ് വിമാനത്താവളത്തിൽ സന്ദർശകർക്കായി തുറന്നു നൽകിയത്. ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിൽ വെങ്കലത്തിലാണ് ഈ വട്ടമേശ ശിൽപമൊരുക്കിയത്. ഖത്തറിന്റെ പരിസ്ഥിതിയിൽ കാണപ്പെടുന്നത് ഉൾപ്പെടെ വന്യജീവികൾ ഓരോ കസേരയിലായി ഇടം പിടിച്ച നിലയിലാണ് പൂർത്തിയാക്കിയത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനം ചർച്ച ചെയ്യുന്ന ഗൗരവ ചർച്ചയെ ശിൽപികൾ പ്രതിഫലിക്കുന്നു. 3.5 മീറ്റർ വീതിയും 10.5 മീറർ നീളത്തിലുമുള്ള സൃഷ്ടിക്ക് ആറ് ടൺ വെങ്കലം ഉപയോഗിച്ചിട്ടുണ്ട്.
‘ദേ വേർ ഓൺ വൈൽഡ് റൈഡ് ഇൻ ദോഹ’ എന്ന പേരിൽ പത്ത് മീറ്റർ നീളമുള്ളതാണ് മറ്റൊരു കലാസൃഷ്ടി. സിംഹവും ജിറാഫും മറ്റും സൈക്കിളിൽ ഒന്നിച്ച് യാത്രചെയ്യുന്ന ദൃശ്യം കലാകാരന്മാർ ആവിഷ്കരിക്കുന്നു.ഖത്തറിന്റെ ഫാൽകൺ പാരമ്പര്യത്തിനുള്ള ആദരവായി വിമാനത്താവളത്തിലെ സൂഖ് അൽ മതാറിൽ ‘ഫാൽക്കൺ വിത്ത് ഗ്ലൗ’ എന്ന പേരിലും മറ്റൊന്ന് തയാറാക്കിയിട്ടുണ്ട്. വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെയും സംരക്ഷിക്കാനുള്ള ഖത്തർ എയർവേസ് പദ്ധതികളുടെ ഭാഗമായാണ് കലാസൃഷ്ടി നിർമിച്ചത്.യാത്രക്കാർക്ക് ഓരോ യാത്രയും അവിസ്മരണീയ അനുഭവമാക്കുക എന്നതിനൊപ്പം, വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം അവരിലെത്തിക്കുകയും ഇതുവഴി ലക്ഷ്യമിടുന്നതായി ഹമദ് വിമാനത്താവളം സി.ഇ.ഒ ഹമദ് അലി അൽ ഖാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

