മിഷാലിന്റെ മിടുക്കിന് അമീറിന്റെ സ്വർണമെഡൽ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയിൽനിന്ന്
സ്വർണമെഡൽ ഏറ്റുവാങ്ങുന്ന മിഷാൽ അൻവർ
.ദോഹ: ഖത്തർ സർവകലാശാല ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങിയ 153 വിദ്യാർഥികളിൽ ഏക മലയാളി സാന്നിധ്യമായി മലപ്പുറം പെരിന്തൽമണ്ണ ശാന്തപുരം സ്വദേശി മിഷാൽ അൻവർ. ബുധനാഴ്ച നടന്ന ചടങ്ങിലായിരുന്നു സ്വദേശികളും വിവിധ രാജ്യക്കാരുമായ പ്രതിഭകൾക്കൊപ്പം മലയാളികളുടെ അഭിമാനമായി മിഷാലും അംഗീകാരം ഏറ്റുവാങ്ങിയത്.
ഖത്തർ ജല-വൈദ്യുതി വിഭാഗമായ കഹ്റാമയിലെ ജീവനക്കാരൻ അൻവർ ഷമീമിന്റെയും ഫമിദയുടെയും മകനാണ് മിഷാൽ. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പത്താം തരവും, പട്ടിക്കാട് ജി.എച്ച്.എസ്.സിൽ ഹയർ സെക്കൻഡറിയും മിന്നും വിജയത്തോടെ പൂർത്തിയാക്കിയ മിഷാൽ ബിരുദ പഠനത്തിന് ഖത്തർ സർവകലാശാലയിൽ പ്രവേശനം നേടിയപ്പോഴും പതിവ് തെറ്റിച്ചില്ല. സർവകലാശാലക്കു കീഴിലെ കോളജ് ഓഫ് ബിസിനസ് ആൻഡ് ഇകണോമിക്സിൽ ബി.ബി.എ ഫിനാൻസിലായിരുന്നു പഠനം. ബിരുദ കാലയളവിൽ എട്ട് സെമസ്റ്ററുകളിലും മികച്ച മാർക്കുമായി ഡീൻ ലിസ്റ്റിൽ ഇടം നേടി.
മിഷാൽ അൻവർ കുടുംബത്തിനൊപ്പം
ഒടുവിൽ സർവകലാശാലയുടെ 48ാമത് ബാച്ച് പുറത്തിറങ്ങുമ്പോൾ 95 ശതമാനത്തിന് മുകളിൽ മാർക്കും നേടി ഏറ്റവും മികച്ച 153 വിദ്യാർഥികളിൽ ഒരാളായാണ് മിഷാൽ അമീറിൽ നിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയത്. തുടർ പഠനത്തിനായി ബ്രിട്ടനിലെ സസക്സ് സർവകലാശലയിൽ പ്രവേശനം നേടി പുറപ്പെടാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇരട്ടി മധുരമായി ഈ വിജയവും മലയാളി വിദ്യാർഥിയെ തേടിയെത്തുന്നത്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും പുറത്തിറങ്ങുന്ന ആയിരത്തോളം വിദ്യാർഥികളിൽ നിന്ന് ഏറ്റവും മികച്ച വിജയം നേടിയ ഏതാനും പേർക്ക് മാത്രമാണ് അമീർ നേരിട്ട് സ്വർണമെഡൽ സമ്മാനിക്കുന്നത്. അവരിൽ ഒരാളായതിന്റെ സന്തോഷത്തിലാണ് മിഷാലും കുടുംബവും. ഷർജ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന ഷാഹിദ്, റിഹാം എന്നിവരാണ് സഹോദരങ്ങൾ. ശാന്തപുരം കോളജ് മുൻ പ്രിൻസിപ്പൽ അബൂബക്കർ മൗലവിയുടെ പൗത്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

