അഫ്ഗാൻ മന്ത്രിയുമായി അമീറിന്‍റെ ചർച്ച
text_fieldsഅഫ്ഗാൻ പ്രതിരോധ മന്ത്രി യഅ്ഖൂബ് മുജാഹിദ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തുന്നു
ദോഹ: ഖത്തർ സന്ദർശിക്കുന്ന അഫ്ഗാൻ ഇടക്കാല സർക്കാറിലെ പ്രതിരോധമന്ത്രി മുഹമ്മദ് യഅ്ഖൂബ് മുജാഹിദ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. അഫ്ഗാനിലെ ഭരണ മാറ്റത്തിനുശേഷം, ആദ്യമായാണ് താലിബാൻ സർക്കാറിൽനിന്നുള്ള ഒരംഗം ഖത്തർ അമീറുമായി ചർച്ച നടത്തിയത്. അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ സംഭവികാസങ്ങളുമെല്ലാം അമീറുമായി ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിസന്ധികൾ മറികടന്ന് രാജ്യത്ത് സ്ഥിരതയും അനുരഞ്ജനവും കൈവരിക്കുന്നതിന്‍റെ ആവശ്യകത അമീർ ചർച്ചയിൽ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കാനും നിർദേശിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശവും നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് രാജ്യാന്തര സമൂഹം ആശങ്ക അറിയിച്ചിരുന്നു. താലിബാൻ നേതൃത്വവും അമേരിക്കയും തമ്മിലെ ചർച്ചകൾക്ക് കഴിഞ്ഞദിവസം ദോഹ വേദിയായിരുന്നു. 1000ൽ ഏറെ പേർ കൊല്ലപ്പെട്ട അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അമേരിക്ക സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാനിൽ സമാധാനം നിലനിർത്തുന്നതിൽ ഏറെ ശക്തമായി ഇടപെട്ട രാജ്യമാണ് ഖത്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

