ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വദേശികളിൽ നിന്നും ശൈഖുമാരിൽ നിന്നും മന്ത്രിമാർ, നയതന്ത്രപ്രതിനിധികൾ എന്നിവരിൽ നിന്നും പെരുന്നാൾ ആശംസകൾ സ്വീകരിച്ചു. വജബയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനക്കും ശേഷമാണ് ആശംസകൾ സ്വീകരിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി അടക്കമുള്ള മന്ത്രിമാർ, ശൈഖുമാർ, മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, സ്വദേശികൾ എന്നിവർ അമീറിന് ആശംസകൾ നേർന്നു.
നയതന്ത്രപ്രതിനിധികൾ, പോലീസ്, സൈനിക ഉദ്യോഗസ്ഥരിൽ നിന്നും അമീർ ശൈഖ് തമീം പെരുന്നാൾ ആശംസകൾ സ്വീകരിച്ചു. വജബയിലെത്തിയ അഭ്യുദയകാംക്ഷികൾ പെരുന്നാളിനോടുബന്ധിച്ച് അമീറിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ചടങ്ങിൽ അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവർ പങ്കെടുത്തു.