ദോഹ: ഇറാഖിെൻറ ഐക്യത്തിനും അഖണ്ഡതക്കും എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. തന്നെ സന്ദർശിച്ച ഇറാഖ് പാർലമെൻറ് സ്പീക്കർ ഡോ.സലീം അബ്ദുല്ല അൽജബൂരിക്കും സംഘത്തിനുമാണ് അമീർ ഈ ഉറപ്പ് നൽകിയത്. ഇറാഖിെൻറ പുനർ നിർമാണത്തിൽ ഖത്തർ നൽകിവരുന്ന സാമ്പത്തിക സഹായം ഏറെ വിലപ്പെട്ടതാണെന്ന് ഇറാഖ് സ്പീക്കർ അഭിപ്രായപ്പെട്ടു. ഭീകര വിരുദ്ധ യുദ്ധത്തിൽ ഇറാഖിനോടൊപ്പം നിന്ന ഖത്തർ വിവിധ മേഖലകളിൽ നൽകിയ സഹായം വിസ്മരിക്കാൻ കഴിയുന്നതല്ല. തുടർന്നും ഖത്തറിെൻറ ഭാഗത്ത് നിന്ന് എല്ലാ സഹായവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാഖിന് തുടക്കം മുതൽ നൽകിയ പിന്തുണ എന്നും കൂടെയുണ്ടാകുമെന്ന് അമീർ ശൈഖ് തമീം ആവർത്തിച്ചു. ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം കൂടുതൽ ഉൗഷ്മളമാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അമീർ ഉറപ്പ് നൽകി.
മജ്ലിസ് ശൂറ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽമഹ്മൂദ് ഇറാഖീ സംഘത്തെ അനുഗമിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെയും ഇറാഖ് സ്പീക്കർ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും ഇരുനേതാക്കളും കൂടിക്കാഴ്ചക്കിടെ ചർച്ച ചെയ്തു. നയതന്ത്രബന്ധം സംബന്ധിച്ചുള്ള ഇറാഖ് വിദേശകാര്യമന്ത്രി ഇബ്റാഹിം അൽ ജഅ്ഫരിയുടെ സന്ദേശം ഖത്തറിലെ ഇറാഖ് എംബസി സ്ഥാനപതി അബ്ദുസ്സത്താർ ഹാദി അൽ ജനാബി , മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാന് കൈമാറി. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇറാഖ് വിദേശകാര്യമന്ത്രിയുടെ സന്ദേശം കൈമാറിയത്. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദും ഇറാഖി പാർലിമെൻറ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.