ദോഹ: രാജ്യം ദേശീയ കായികദിനം കൊണ്ടാടിയപ്പോൾ ആവേശമായി പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഭാര്യയും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ശൈഖ മൗസ ബിൻത് നാസറും. കായികദിനത്തോടനുബന്ധിച്ച് അമീരി ദിവാൻ മുറ്റത്ത് നടന്ന പരിപാടിയിലാണ് പിതാവ് അമീർ പങ്കെടുത്തത്.
നടത്തത്തിലും മറ്റ് വ്യായാമങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഒട്ടകങ്ങളുടെയും അറേബ്യൻ കുതിരകളുടെയും പ്രദർശനത്തിലും അദ്ദേഹം സംബന്ധിച്ചു.
ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി തുടങ്ങി ഒട്ടനവധി ശൈഖുമാരും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും പിതാവ് അമീറിനൊപ്പം കായികദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു.
എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ നടന്ന കായികദിനാഘോഷ പരിപാടികളിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ പങ്കെടുത്തു. എജ്യുക്കേഷൻ സിറ്റി സ്റ്റുഡൻറ് സെൻററിൽ വാക്കത്തോൺ മത്സരത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. സെറിമണിയൽ കോർട്ടിൽ 40 കിലോമീറ്റർ സൈക്ലിങും 50 കിലോമീറ്റർ അൾട്രാ മാരത്തോണും പിന്നീട് നടന്നു. ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ഉൗർജ്ജ വ്യവസായമന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ, ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി, എക്സോൺ മൊബീൽ ഖത്തർ പ്രസിഡൻറ് ജനറൽ മാനേജർ അലിസ്റ്റർ റൂട്ട്ലജ് തുടങ്ങിയ പ്രമുഖരും ശൈഖ മൗസയോടൊപ്പം കായികദിന പരിപാടികളിൽ പങ്കെടുത്തു.