അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാഖിർ എയർബേസിൽ ബഹ്റൈൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ദോഹ: ബഹ്റൈനിൽ നടന്ന 33ാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വ്യാഴാഴ്ച രാവിലെ സാഖിർ എയർബേസിലെത്തിയ ഖത്തർ അമീറിന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ് നൽകി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ഉൾപ്പെടെ ഉന്നത വ്യക്തികൾ, സൈനിക മേധാവികൾ എന്നിവർ അമീറിനെ വരവേൽക്കാനായെത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത സംഘവും അറബ് ലീഗിൽ പങ്കെടുത്ത അമീറിന് അനുഗമിച്ച് ബഹ്റൈനിലെത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത അമീർ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ അമീർ പങ്കെടുത്തു.

