അമീർ കപ്പ് ക്വാർട്ടർ, സെമി മത്സരങ്ങൾ ഏപ്രിലിൽ
text_fieldsദോഹ: 51ാമത് അമീർ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനൽ ഷെഡ്യൂൾ ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. പ്രീക്വാർട്ടർ മത്സരങ്ങൾ കഴിഞ്ഞയാഴ്ചയോടെ അവസാനിച്ച പശ്ചാത്തലത്തിലാണ് ക്വാർട്ടർ മത്സരക്രമം പ്രഖ്യാപിച്ചത്. ഏപ്രിൽ എട്ടിന് മുഐതറിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.
തുടർച്ചയായി നാലു ദിനങ്ങളിലായി ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാവും. എട്ടിന് അൽ അറബിയും മുഐതറും തമ്മിൽ രാത്രി 9.45നാണ് മത്സരം. ഒമ്പതിന് അൽ ഗറാഫ അൽ ഷഹാനിയയെയും 10ന് അൽ ദുഹൈൽ അൽ സൈലിയയെയും 11ന് അൽ സദ്ദും സലാലിനെയും നേരിടും.
റമദാൻ വ്രതമായതിനാലാണ് മത്സരങ്ങൾ രാത്രി 9.45ന് നടത്താൻ തീരുമാനിച്ചത്. ഏപ്രിൽ 24നും 25നുമായി സെമി ഫൈനലും പൂർത്തിയാവും. ചെറിയ പെരുന്നാൾ അവധിയിലാണ് ഈ മത്സരങ്ങൾ. വൈകീട്ട് 6.45നാണ് കിക്കോഫ്. ഫൈനൽ പോരാട്ടം പിന്നീട് പ്രഖ്യാപിക്കും.

