അമീർ കപ്പ് ഫൈനൽ: തുമാമ നിറഞ്ഞുകവിയും
text_fieldsഅമീർ കപ്പ് ഫൈനൽ സംബന്ധിച്ച വാർത്തസമ്മേളനം
ദോഹ: ആരാധകർ കാത്തിരിക്കുന്ന അമീർ കപ്പ് ഫൈനലിലേക്ക് തുമാമ സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ലോകകപ്പ് വേദിയുടെ ഉദ്ഘാടനം കൂടിയാവുന്ന കളിയുത്സവത്തിൽ തുമാമ സ്റ്റേഡിയം നിറഞ്ഞുകവിയും.
സ്റ്റേഡിയത്തിൻെറ ആകെ ശേഷിയായ 40,000 സീറ്റുകളിലേക്ക് കാണികൾക്ക് പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. 22ന് രാത്രി ഏഴിനാണ് മത്സരത്തിൻെറ കിക്കോഫ്. 2022 ലോകകപ്പിനായി ഒരുക്കിയ വേദികളിൽ ആറാമത്തെ കളിയിടം കൂടിയാണ് തുമാമ. അൽസദ്ദും അൽ റയ്യാനും തമ്മിലാണ് ഫൈനൽ പോരാട്ടം. ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ അമീർ കപ്പ് സംഘാടക സമിതി അംഗങ്ങൾ മത്സര സംബന്ധിയായ നടപടി ക്രമങ്ങളും ട്രാഫിക്-ഗതാഗത സംവിധാനങ്ങളും വിശദീകരിച്ചു. കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും കോവിഡ് വന്ന് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. മത്സരത്തിന് ടിക്കറ്റെടുത്തവര്‍ പ്രത്യേക ഫാന്‍ ഐഡി കൂടി സ്വന്തമാക്കിയാൽ മാത്രമേ പ്രവേശനം ലഭിക്കൂ. ദോഹ ക്യു.എൻ.സി.സിയില്‍ ഫാന്‍ ഐഡി വിതരണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി 11 വരെ വിതരണമുണ്ടാകും. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് റാപ്പിഡ് ആൻറിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് തെളിയിക്കണം. ഏഴിനു മത്സരം ആരംഭിക്കുന്നതിെൻറ മൂന്നു മണിക്കൂര്‍ മുേമ്പ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. മത്സരത്തിന് അര മണിക്കൂര്‍ മുേമ്പ സ്റ്റേഡിയത്തിെൻറ പ്രകാശന ചടങ്ങുകള്‍ തുടങ്ങും. മാസ്ക് അണിഞ്ഞ് മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിൽ ഇരിക്കാൻ കഴിയൂ. മത്സരത്തിനുള്ള ഗതാഗത സൗകര്യമൊരുക്കുന്നതിനായി തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിവിധ റോഡുകള്‍ അടച്ചിടും. സ്റ്റേഡിയത്തിന് സമീപമുള്ള റോഡുകള്‍ രണ്ടു തവണകളിലായാണ് അടച്ചിടുക.
ദോഹയിലെ പ്രധാന ഇൻറര്സെക്ഷനുകളിലെല്ലാം സ്റ്റേഡിയത്തിലേക്ക് വഴി കാണിക്കുന്നതിനുള്ള സംവിധാനമൊരുക്കും. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനമുണ്ടാകും. ഫാൻ ഐഡി ഉപയോഗിച്ച് മത്സരദിനത്തിൽ ദോഹ മെട്രോയിൽ സൗജന്യമായി യാത്ര നടത്താൻ കഴിയും.