അമീർ കപ്പിൽ ഇന്ന് കിരീടപ്പോരാട്ടം
text_fieldsഅമീർകപ്പ് വിജയികൾക്കുള്ള ട്രോഫി
ദോഹ: ഖത്തറിന്റെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ അമീർ കപ്പ് ഫുട്ബാൾ ഫൈനലിന് വെള്ളിയാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. നോക്കൗട്ട് അങ്കങ്ങൾക്കൊടുവിൽ കിരീടപോരാട്ടത്തിൽ അൽ സദ്ദ് എസ്.സിയും അൽ അറബി എസ്.സിയുമാണ് മുഖാമുഖം. ലോകകപ്പിനുശേഷം നടക്കുന്ന ആദ്യ അമീർ കപ്പ് ഫൈനൽ എന്ന പ്രത്യേകത ഇത്തവണത്തെ പോരാട്ടത്തിനുണ്ട്.
രാത്രി ഏഴുമണിക്കാണ് മത്സരത്തിന്റെ കിക്കോഫ്. സീസണിൽ കിരീട വരൾച്ച അനുഭവിക്കുന്ന അൽ സദ്ദിന് സ്റ്റാർസ് ലീഗിലും ഖത്തർ കപ്പിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല. ആ നഷ്ടം നികത്താനാണ് തങ്ങളുടെ 19ാം അമീർ കപ്പ് കിരീടം ലക്ഷ്യം വെച്ച് ഹസൻ ഹൈദോസും അക്രം അഫീഫിയും നയിക്കുന്ന അൽ സദ്ദ് ഇറങ്ങുന്നത്. അൽ സദ്ദിന്റെ ഭാഗ്യകിരീടം കൂടിയാണ് അമീർ കപ്പ്.
2020, 2021 സീസണുകളിലും ഇവർക്കായിരുന്നു കിരീടം. കഴിഞ്ഞവർഷം അത് അൽ ദുഹൈലിന് സമ്മാനിച്ചു മടങ്ങി. എന്നാൽ, ഇത്തവണ മറ്റ് മൂന്നു ക്ലബ് പോരാട്ടങ്ങളിലും പിന്തള്ളപ്പെട്ടപ്പോൾ മികച്ച ജയത്തോടെ തന്നെ ടീം ഫൈനലിലെത്തി. സെമിയിൽ അൽ ഷഹാനിയയെയായിരുന്നു തോൽപിച്ചത്.
എതിരാളികളായ അൽ അറബി എസ്.സി സെമിയിൽ അൽ സൈലിയയെയാണ് തോൽപിച്ചത്. എട്ടു തവണ അമീർ കപ്പ് കിരീടത്തിൽ മുത്തമിട്ടവർ 1993ന് ശേഷം ആദ്യമായി കിരീടത്തിൽ മുത്തമിടാനുള്ള തയാറെടുപ്പിലാണ്. 1994ലും, 2020ലും ടീം ഫൈനൽ കളിച്ചെങ്കിലും കിരീട ഭാഗ്യം ലഭിച്ചില്ല.
ഖത്തറിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളാണ് ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകത 51ാമത് അമീർ കപ്പ് ഫൈനലിനുണ്ട്. മത്സര ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റഴിഞ്ഞിരുന്നു. കാണികൾക്ക് മെട്രോ വഴിയും സ്വകാര്യ വാഹനങ്ങൾ വഴിയും സ്റ്റേഡിയത്തിലെത്താമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ അധികൃതർ വിശദീകരിച്ചു.
സ്വകാര്യ വാഹനങ്ങള്‍
- ദോഹയില്‍നിന്ന് കാറില്‍ എത്തുന്നവര്‍ എക്സിറ്റ് 22 വിലൂടെ അല്‍ മജ്ദ് റോഡ് ഇന്റര്സെക്ഷനിലെത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ പാര്‍ക്കിങ് സ്ഥലത്തെത്താം.
- അല്‍ റിഫ റോഡില്‍നിന്ന് വരുന്നവര്‍ അല്‍ റിഫ റൗണ്ട് എബൗട്ടില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് സര്‍വിസ് റോഡിലൂടെ എത്തിയാല്‍ പാര്‍ക്കിങ്ങിലെത്താം.
- അല്‍ മജ്ദ് റോഡിന്റെ വടക്കുനിന്നെത്തുന്നവര് അഹ്മദ് ബിന്‍ അലി ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് എക്സിറ്റ് 57ലേക്ക് പ്രവേശിച്ച് അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് എത്താം.
- ദുഖാന് റോഡിലൂടെ വരുന്നവര്‍ എക്സിറ്റ് പതിനെട്ടില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ റിഫ സ്ട്രീറ്റിലേക്ക് പ്രവേശിച്ച് യു ടേണ്‍ എടുത്ത് വീണ്ടും വലത്തേക്ക് തിരിഞ്ഞാല്‍ പാര്‍ക്കിങ്ങിലെത്താം.
മെട്രോയില്‍ എത്താന്‍
ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ അല്‍ റിഫ മാള്‍ ഓഫ് ഖത്തര്‍ സ്റ്റേഷനില്‍ (എക്സിറ്റ് 2) ഇറങ്ങിയാല്‍ സ്റ്റേഡിയത്തിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. ദോഹ മെട്രോ പുലര്‍ച്ചെ 1.00 വരെ സര്‍വിസ് നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

