അമീർ കപ്പ്: അൽ സദ്ദ് ഫൈനലിൽ
text_fieldsഅമീർ കപ്പ് സെമിയിൽ അൽസദ്ദിന്റെ വിജയം ആഘോഷിക്കുന്ന ടീം അംഗങ്ങൾ
ദോഹ: അമീർ കപ്പ് ഫുട്ബാളിൽ തകർപ്പൻ ജയവുമായി മുൻ ചാമ്പ്യന്മാരായ അൽ സദ്ദ് ഫൈനലിൽ. തിങ്കളാഴ്ച രാത്രി നടന്ന സെമിഫൈനലിൽ അൽ ഷഹാനിയയെ 5-1 തോൽപിച്ചാണ് അൽ സദ്ദിന്റെ കുതിപ്പ്. മുൻ സ്പാനിഷ് താരം സാന്റി കസറോൾ മുന്നിൽനിന്ന് പോരാട്ടം നയിച്ചപ്പോൾ എതിരാളികളുടെ ചെറുത്തു നിൽപുകളെല്ലാം പാഴായി. കളിയുടെ 18ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 32ാം മിനിറ്റിൽ ബോക്സിനു മുന്നിലെ മനോഹരമായൊരു മുന്നേറ്റത്തിലൂടെയും കസറോൾ വലകുലുക്കി. അയ്യൂബ് അൽ കഅബി 26ാം മിനിറ്റിൽ മറ്റൊരു ഗോൾകൂടി നേടി ടീമിനെ ആദ്യ പകുതിയിൽതന്നെ 3-0ത്തിന് മുന്നിലെത്തിച്ചു. ബോക്സിനുള്ളിൽ സൂപ്പർതാരം അക്രം അഫിഫിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് സാന്റി ആദ്യ ഗോളായി ലക്ഷ്യത്തിലെത്തിച്ചത്. ബഗ്ദാന് ബനുജ് ഇരട്ട ഗോൾ നേടി.
രണ്ടാം സെമിയിൽ ചൊവ്വാഴ്ച അൽ സൈലിയയും അൽ അറബിയും ഏറ്റുമുട്ടും. വൈകീട്ട് 6.45നാണ് മത്സരം. മേയ് 12ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് അമീർ കപ്പ് ഫുട്ബാളിന്റെ ഫൈനൽ പോരാട്ടം. 2020, 2021 സീസണുകളിൽ ജേതാക്കളായ അൽ സദ്ദ്, കഴിഞ്ഞ വർഷം നേരത്തേ പുറത്തായിരുന്നു. എന്നാൽ, നിലവിലെ ജേതാക്കളായ അൽ ദുഹൈൽ ഇത്തവണ ക്വാർട്ടർ ഫൈനലിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

