അമീർ കപ്പ്: അൽ റയ്യാൻ ഫൈനലിൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ സെമിയിൽ അൽ അഹ്ലിയെ തോൽപിച്ച് ഫൈനലിൽ കടന്ന അൽ റയ്യാൻ
ദോഹ: ഖത്തറിന്റെ ഗ്ലാമർ ഫുട്ബാൾ കിരീടപ്പോരാട്ടം അവേശകരമായ അന്ത്യത്തിലേക്ക്. മുൻനിര ക്ലബുകൾ മാറ്റുരക്കുന്ന അമീർ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ അൽ സദ്ദിന് കാലിടറിയപ്പോൾ, അൽ അഹ്ലിയെ വീഴ്ത്തി അൽ റയ്യാൻ ഫൈനലിൽ. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലിൽ അൽ അഹ്ലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചായിരുന്നു അൽ റയ്യാനിന്റെ ജൈത്രയാത്ര.
അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന അങ്കത്തിൽ കളിയുടെ ആദ്യ പകുതിയിൽ ഏഴ് മിനിറ്റ് വ്യത്യാസത്തിൽ ആഡം ബരേറോ നേടിയ ഇരട്ട ഗോളിലൂടെ അൽ റയ്യാൻ കളിയിൽ മേധാവിത്വം സ്ഥാപിച്ചു. രണ്ടാം പകുതിയിൽ റോജർ ഗ്യൂഡസ് പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ അൽ റയ്യാൻ കളി സ്വന്തമാക്കുകയായിരുന്നു. അൽ ഗറാഫായും ഉം സലാലും തമ്മിലെ രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിൽ അൽ റയ്യാനിന്റെ എതിരാളി.
മേയ് 24ന് ഖലീഫ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. 2013ൽ അവസാനമായി അമീർ കപ്പിൽ കിരീടമുത്തം കുറിച്ച അൽ റയ്യാൻ വർഷങ്ങളായി തുടരുന്ന കിരീട വരൾച്ചക്ക് അവസാനം കുറിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. 2017, 2018, 2021 സീസണുകളിൽ അൽ റയ്യാൻ ഫൈനലിൽ പ്രവേശിച്ചെങ്കിലും അൽസദ്ദിനും അൽ ദുഹൈലിനും മുന്നിൽ തോൽവി വഴങ്ങി മടങ്ങുകയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത റയ്യാൻ, സെമിയിൽ അർതർ ജോർജിന്റെ സംഘത്തിനെതിരെ ശ്രദ്ധേയമായ പ്രകടനംതന്നെ കാഴ്ചവെച്ചു. അതേസമയം, 19 തവണ അമീർ കപ്പിൽ മുത്തമിട്ട ചാമ്പ്യൻ ക്ലബ് അൽ സദ്ദ് ക്വാർട്ടർ ഫൈനലിൽതന്നെ പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ അൽ ഗറാഫയാണ് ഹസൻ ഹൈദോസിന്റെ ടീമിനെ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

