അമീറിനെ വിളിച്ച് അമേരിക്കൻ പ്രസിഡന്റ്; യുദ്ധം അവസാനിപ്പിക്കാനും ഗസ്സക്ക് സഹായമെത്തിക്കാനും ആവശ്യപ്പെട്ട് അമീർ
text_fieldsഅമീർ ശൈഖ് തീം ബിൻ ഹമദ് ആൽഥാനി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ദോഹ: ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തലിനും മാനുഷിക സഹായമെത്തിക്കാനും ഉൾപ്പെടെ സമാധാന ദൗത്യത്തിനായി സജീവമായി ഇടപെടുന്ന ഖത്തറിന് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം ഫോൺ വഴി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ ആശയവിനിമയത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഖത്തറിന്റെ ഇടപെടലുകളെ പ്രശംസിച്ചത്.
ആറാഴ്ച പിന്നിടുന്ന സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ ഉടൻ സമാധാനം ഉറപ്പാക്കാൻ അമീർ ബൈഡനോട് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാർക്കെതിരായ ആക്രമണം നിർത്താനും അമീർ ശക്തമായ ആവശ്യമുന്നയിച്ചു. ഗസ്സയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റ് അടിയന്തര ആവശ്യങ്ങളും ലഭ്യമാക്കാനായി റഫ അതിർത്തി സ്ഥിരമായി തുറന്നുനൽകണമെന്നും അമീർ ആവശ്യമുന്നയിച്ചു.
ബന്ദികളെ മോചിപ്പിക്കാനും റഫ അതിർത്തി വിദേശികൾക്ക് തുറന്നുകൊടുക്കാനും ദുരിതാശ്വാസ സഹായം നൽകാനുമുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങൾ ഉൾപ്പെടെ ഇടപെടലുകളും വിവിധ രാജ്യങ്ങളെ കൂടി പങ്കാളികളാക്കിയുള്ള നയതന്ത്ര ദൗത്യങ്ങൾ സംബന്ധിച്ചും അമീർ അമേരിക്കൻ പ്രസിഡന്റുമായി പങ്കുവെച്ചു. ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗസ്സയിലെ നിരപരാധികളുടെ ജീവൻ സംരക്ഷിക്കാനുമായി ഖത്തറിന്റെ ഇടപെടലുകൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

