ഗൾഫ് പ്രതിസന്ധി ഇനിയും നീട്ടരുതെന്ന് അമേരിക്ക
text_fieldsദോഹ: കഴിഞ്ഞ ഒമ്പത് മാസക്കാലമായി തുടരുന്ന ഗൾഫ് പ്രതിസന്ധി നീണ്ട് പോകുന്നതിൽ അമേരിക്ക ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ഏത് അകൽച്ചയും തങ്ങളെ കൂടി ബാധിക്കുന്നതാണെന്ന് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി തുടരുന്ന പക്ഷം മേഖലയിലെ തങ്ങളുടെ സ്വാധീനത്തിന് വലിയ തോതിൽ ഇടിവ് സംഭവിക്കുമെന്ന് ട്രംപ് ഭരണകൂടം ഭയക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നു. പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമല്ല മേലിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള രീതിയിൽ പ്രശ്നം അവസാനിപ്പിക്കണമെന്ന നിരീക്ഷണമാണ് അമേരിക്കൻ ഭരണകൂടത്തിൽ നിന്നുള്ളത്.
ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്ക് അമേരിക്കൻ ഭരണകൂടം പഴുതടച്ച ഒരുക്കമാണ് നടത്തുന്നത്. ഇതോട് കൂടി പ്രതിസന്ധി അവസാനിക്കണമെന്ന് അമേരിക്കക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉച്ചകോടിക്ക് മുമ്പ് പരിഹാരത്തിന് കൃത്യമായ ഫോർമുല തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. ഇതിെൻറ ഭാഗമായി അമേരിക്കൻ ഉന്നത സംഘം മേഖലയിൽ പര്യടനം ആരംഭിച്ചതായാണ് അറിയുന്നത്.
അതിനിടെ ഖത്തറും അമേരിക്കയും തമ്മിൽ ഉണ്ടാക്കിയ തന്ത്രപ്രധാന കരാർ ഖത്തറിന് ഭാവിയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിവിധ മേഖലയിൽ നിരധവധി കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഭീകരവാദത്തിന് തടയിടുക എന്നത് പോലെ തന്നെ രാജ്യത്തിന് ബാഹ്യ ശക്തികളിൽ നിന്ന് പൂർണ സുരക്ഷ ഉറപ്പ് വരുത്താനും ഈ കരാർ മുഖേനെ സാധിക്കും. അമേരിക്കയുടെ മേഖലയിലെ ഏറ്റവും നിർണായകമായ സൈനിക താവളത്തിന് ശക്തി വർധിപ്പിക്കുന്നതിന് അനുമതി നൽകുന്നതോടെ മേഖലയിലെ ഏറ്റവും സുപ്രധാനമായ താവളമായിരിക്കും ഇത്. അതുകൊണ്ട് ഖത്തറിന് മേലുണ്ടാകുന്ന ഏത് നടപടിയും അമേരിക്കയെ നേരിട്ട് ബാധിക്കുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഖത്തർ തുടക്കം മുതൽ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഉപരോധ രാജ്യങ്ങൾ ഉന്നയിച്ച ഏത് ആരോപണങ്ങളിലും കൂടിയിരുന്ന് ചർച്ച നടത്താമെന്ന നിലപാടാണ് ഖത്തറിനുള്ളത്. എന്നാൽ ഇത്രയും കാലം രാജ്യാന്തര നിയമങ്ങൾ പോലും അവഗണിച്ച് തങ്ങൾകെതിരെ നടത്തിയ ഉപരോധത്തിന് ഈ രാജ്യങ്ങൾ വലിയ വില നൽകേണ്ടി വരുമെന്ന് ഖത്തർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധത്തിനെതിരിൽ രാജ്യാന്തര തലത്തിൽ തന്നെ വിവിധ തലങ്ങളിൽ ഖത്തർ കേസ് ഫയൽ ചെയ്തത് ഇതിെൻറ ഭാഗമായാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.