നാസർ അതിയക്ക് അമീറിന്‍റെ അഭിനന്ദനം
text_fieldsഡാകർ കാർ റാലി ചാമ്പ്യൻ നാസർ അൽ അതിയ്യയുമായി അമീർ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: സൗദിയിൽ നടന്ന ഡാകർ കാർ റാലിയിൽ ചാമ്പ്യനായ നാസർ അൽ അതിയ്യക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരവ്.
കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് മരുഭൂമികളിലെ സാഹസിക ഡ്രൈവർ നാസർ അൽ അതിയ്യ വിജയം ചൂടിയത്. സാഹസിക ഡ്രൈവർമാരുടെ ആവേശമായ ഡാകർ റാലിയിൽ നാസർ അൽ അതിയ്യയുടെ നാലാം കിരീടവിജയമാണിത്.
ഞായറാഴ്ച രാവിലെ അമിരി ദിവാനിൽ വെച്ചായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന്‍റെ യശസ്സുയർത്തിയ താരത്തെ അഭിനന്ദിച്ചത്. നാസർ അൽ അതിയ്യയുടെ നേട്ടം, രാജ്യത്തിനും ഖത്തറിലെ ജനങ്ങൾക്കും അഭിമാനവും പ്രചോദനവുമാണെന്ന് കൂടിക്കാഴ്ചയിൽ അമീർ പറഞ്ഞു.
അമീറിന്‍റെ നല്ല വാക്കുകൾക്ക് നന്ദിപറഞ്ഞ നാസർ അൽ അതിയ്യ, കായികതാരങ്ങൾക്കും മേഖലക്കുമുള്ള രാജ്യത്തിന്‍റെ പിന്തുണയെ പ്രകീർത്തിച്ചു.
റാലി ചാമ്പ്യൻ ട്രോഫിയുമായാണ് ഒളിമ്പിക്സ് ഷൂട്ടിൽ മെഡൽ ജേതാവ് കൂടിയായ അതിയ്യ അമീറിനെ സന്ദർശിച്ചത്.