ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ
ദോഹ: യുക്രെയ്നില്‍ കുടുങ്ങിയ ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. 20ഓളം വിദ്യാര്‍ഥികളാണ് കിയവിലും ഖാർകീവിലുമായി യുദ്ധത്തിന്റെ അരക്ഷിതാവസ്ഥയിൽ കുടുങ്ങിയത്.
ഇവരിൽ ഒരാൾ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയതായും അംബാസഡര്‍ പറഞ്ഞു. ഏഴുപേര്‍ യുക്രെയ്ൻ അതിർത്തി കടന്ന് സമീപ രാജ്യങ്ങളിലെത്തിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമാണ് ഇപ്പോള്‍ ഷെല്ലിങ് നടക്കുന്ന പ്രദേശത്ത് ഉള്ളത്.
ബാക്കിയുള്ളവരെല്ലാം അതിര്‍ത്തികളിലേക്കുള്ള യാത്രയിലാണെന്നും അംബാസഡര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് എല്ലാ വിദ്യാര്‍ഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാറിന്റെ നേതൃത്വത്തിൽ ഊര്‍ജിതമായി നടക്കുന്നതായും രക്ഷിതാക്കളുമായി ഇക്കാര്യത്തില്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഡോ. ദീപക് മിത്തൽ പറഞ്ഞു.

