ദോഹ: കാൽപന്തിലൂടെ സാമൂഹിക മാറ്റം എന്ന ലക്ഷ്യവുമായി 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി പ്രഥമ ജനറേഷന് അമൈസിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മേള കഴിഞ്ഞ ദിവസം ഖത്തര്‍ ഫൗണ്ടേഷെൻറ ഓക്സിജന്‍ പാര്‍ക്കില്‍ തുടങ്ങി. ഖത്തര്‍, ഒമാന്‍, ജോര്ഡന്, ലബനാന്, പാകിസ്താന്, ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഇറ്റലി, ബെല്‍ജിയം, യു.കെ, ബ്രസീല്‍ എന്നീ 12 രാജ്യങ്ങളില്‍നിന്നായി 170ൽ അധികം യുവജനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ഫുടബാളുമായി ബന്ധപ്പെട്ട വികസനശില്പശാലകള്, ഫുട്ബാള്‍ ടൂര്‍ണമെൻറ്, യൂത്ത് അംബാസഡര്‍മാരുടെ നേതൃത്വത്തിെല പ്രവര്‍ത്തനങ്ങള്‍, ഫിഫ ലെജൻറ്സ് ദിനം, സാംസ്കാരിക പരിപാടികള്‍, സെലിബ്രിറ്റി ഫുട്ബോള്‍ പരിപാടികള്‍ എന്നിവയെല്ലാം ഇതിെൻറ ഭാഗമാണ്. ഖത്തര്‍ ഫൗണ്ടേഷനാണ് തന്ത്രപ്രധാന പങ്കാളി. ഫിഫ ഫൗണ്ടേഷന്, ഖത്തര്‍ എയര്‍വേയ്സ്, ബിന്‍ സ്പോര്‍ട്സ്, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്, ഖത്തര്‍ മ്യൂസിയംസ്, അശ്ഗാല്‍ തുടങ്ങിയവയെല്ലാം മേളയുമായി സഹകരിക്കുന്നുണ്ട്. ജനറേഷന് അമൈസിങ് പങ്കാളി ക്ലബുകളായ എ.എസ്. റോമ, കാസ് യൂപെന്‍, ലീഡ്സ് യുനൈറ്റഡ്, ഷെഫീല്‍ഡ് എഫ്.സി എന്നിവയുടെ യുവജന പ്രതിനിധികൾ മേളയിലുണ്ട്. ഫിഫ ക്ലബ് ലോകകപ്പില്‍ ഫൈനലിൽ എത്തിയ ബ്രസീല്‍ ചാമ്പ്യന്മാരായ ഫ്ലമിങ്ഗോയുടെയും ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷെൻറയും പങ്കാളിത്തവുമുണ്ട്.
യുവ നേതാക്കള്‍ക്ക് അവരുടെ കമ്യൂണിറ്റികളില്‍ മാറ്റം വരുത്താന്‍ തക്ക പ്രചോദനം നല്‍കുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിന് ഫുട്ബാളിെൻറ ശക്തി ഉപയോഗപ്പെടുത്തുകയെന്നതും വിഭാവനം ചെയ്യുന്നു.
ഖത്തര്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളിത്തവുമുണ്ട്. സാമൂഹിക ഉള്‍പ്പെടുത്തലിനെ ആഘോഷിക്കുകയും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മേള. യു.എന്നിെൻറ സുസ്ഥിര വികസന ലക്ഷ്യങ്ങളെയും ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നെയും പിന്തുണക്കുകയെന്നതും ലക്ഷ്യമാണ്.