അൽ വഅബ്, മുറൈഖ് ഇൻറർചെയ്ഞ്ചുകൾ പൂർണമായും തുറന്നു
text_fieldsസബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ അൽ വഅബ് ഇൻറർചെയ്ഞ്ച്, അൽ മുറൈഖ് ഇൻറർചെയ്ഞ്ചുകൾ തുറന്നുകൊടുത്തപ്പോൾ
ദോഹ: സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ അൽ വഅബ് ഇൻറർചെയ്ഞ്ച്, അൽ മുറൈഖ് ഇൻറർചെയ്ഞ്ച് എന്നിവ പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തതായി പൊതുമരാമത്ത് അതോറിറ്റി അശ്അൽ അറിയിച്ചു.നേരത്തേയുണ്ടായിരുന്ന അൽ വഅബ് ഇൻറർസെക്ഷൻ, ലഖ്വിയ റൗണ്ട് എബൗട്ട് എന്നിവയാണ് മൾട്ടിലെവൽ ഇൻറർചെയ്ഞ്ചുകളാക്കി പരിവർത്തിപ്പിച്ചിരിക്കുന്നത്.രണ്ട് പ്രധാന സിഗ്നലുകളും എട്ടോളം പാലങ്ങളുമാണ് ഇൻറർചെയ്ഞ്ചുകളിലുള്ളത്.ഈയടുത്ത് രണ്ട് ഇൻറർചെയ്ഞ്ചുകളും ഭാഗികമായി ഗതാഗതത്തിന് അശ്അൽ തുറന്നു കൊടുത്തിരുന്നു.
ഇൻറർചെയ്ഞ്ചുകൾ പൂർണമായും തുറന്നതോടെ ദോഹ എക്സ്പ്രസ് ഹൈവേക്ക് സമാന്തരമായ പാതയൊരുക്കാൻ കഴിയുന്നതിനാൽ യാത്രസമയം 80 ശതമാനം കുറക്കാൻ കഴിയുമെന്ന് അശ്അൽ വ്യക്തമാക്കി. അൽ റയ്യാൻ ഇൻറർചെയ്ഞ്ചിനും നാസർ ബിൻ സലൈമീൻ അൽ സുവൈദി ഇൻറർചെയ്ഞ്ചിനും ഇടയിലുള്ള ദൂരം കുറക്കാൻ ഇതുവഴി സാധിക്കും.സൽവാ റോഡിൽ നിന്നും അൽ വഅബ് സ്ട്രീറ്റിൽ നിന്നും വടക്കു ഭാഗത്തേക്കുള്ളവർക്ക് ഇൻറർചെയ്ഞ്ചുകളിലൂടെ തടസ്സമില്ലാതെ യാത്രചെയ്യാൻ സാധിക്കുന്നത് മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും.
ഖത്തറിലെ ഏറ്റവും നീളം കൂടിയ (2.6 കിലോമീറ്റർ) പാലമാണ് അൽ മുറൈഖ്, അൽ വഅബ് ഇൻറർചെയ്ഞ്ചുകൾക്കിടയിൽ ഗതാഗതത്തിന് തുറന്നിരിക്കുന്നത്. ഇരുദിശകളിലേക്കും നാല് വരിപ്പാതയാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഗതാഗതം സുഗമമാക്കുന്നതിൽ ഏറെ സഹായിക്കും.1140 മീറ്റർ നീളത്തിലുള്ള പുതിയ മേൽപാലവും ഇതോടൊപ്പം അൽ വഅബ് ഇൻറർചെയ്ഞ്ചിൽ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്.അഞ്ച് പാലങ്ങളും ഇതോടൊപ്പം തുറന്നു കൊടുത്തത് മേഖലയിലെ ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന തലവേദനക്ക് ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

