ഖത്തറിന്റെ തൊഴിൽ പരിഷ്കാരങ്ങളെ പ്രകീർത്തിച്ച് എ.എൽ.ഒ
text_fieldsദോഹ: തൊഴിൽ മേഖലയിലും തൊഴിൽ സാഹചര്യങ്ങളിലും ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളെ പ്രകീർത്തിച്ച് അറബ് ലേബർ ഓർഗനൈസേഷൻ (എ.എൽ.ഒ) ഡയറക്ടർ ജനറൽ ഫായിസ് അലി അൽ മുതൈരി. ഈ പരിഷ്കാരങ്ങൾ ഒട്ടേറെ തൊഴിലാളികൾക്ക് ഉപകാരപ്രദമായെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യു.എൻ.എ) നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയിടെ നടന്ന ലോകകപ്പ് ഫുട്ബാൾ ഖത്തർ അത്യുജ്ജ്വലമായി സംഘടിപ്പിച്ചത് എല്ലാ അറബ് രാജ്യങ്ങൾക്കും അഭിമാനകരമായെന്നും അൽ മുതൈരി പറഞ്ഞു.
‘മറ്റ് അറബ് രാജ്യങ്ങൾക്കൊപ്പം എ.എൽ.ഒയുടെ പ്രധാന പങ്കാളികളിലൊന്നാണ് ഖത്തർ. തൊഴിലാളികൾ ഉൾപ്പെടെ, ഇവിടെ താമസിക്കുന്നവർക്കെല്ലാം ഖത്തർ നൽകുന്ന പിന്തുണ പ്രശംസനീയമാണ്. കോവിഡ്19 മഹാമാരി ലോകമാകെ ആശങ്ക പരത്തിയ നാളുകളിൽ ഒരു വിവേചനവുമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കിയ ഖത്തറിന്റെ നടപടി അൽ മുതൈരി എടുത്തുകാട്ടി.
‘ഫിഫ ലോകകപ്പിന്റെ അതിഗംഭീരമായ സംഘാടനം അറബ്, ഇസ്‍ലാമിക് രാജ്യങ്ങൾക്ക് ഇത്തരത്തിലുള്ള മെഗാ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കാൻ കെൽപുണ്ടെന്നതിന്റെ വിളംബരമായിരുന്നു. അറബ് രാജ്യങ്ങൾക്കും അവിടെയുള്ള ജനങ്ങൾക്കും അത് അഭിമാനിക്കാവുന്ന നേട്ടമായി. അറേബ്യൻ മണ്ണിൽ ലോകകപ്പ് പോലൊരു മഹാമേള വിജയമാക്കി മാറ്റിയ ഖത്തറിലെ അമീറിനെയും സർക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുകയാണ്.
അറേബ്യൻ മതമൂല്യങ്ങളും അഭിമാനകരമായ പാരമ്പര്യവും മുറുകെപ്പിടിച്ചുകൊണ്ടു തന്നെയാണ് അർപ്പണബോധത്തോടെ ഈ സംരംഭം വിജയിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ലോകകപ്പിന്റെ ആതിഥ്യത്തിലേക്കുള്ള കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ യാത്രയിൽ എല്ലാ വെല്ലുവിളികളെയും ഖത്തർ ഉജ്ജ്വലമായി മറികടന്നതായും അൽ മുതൈരി ചൂണ്ടിക്കാട്ടി.
‘ഒരു മാസം മുഴുവൻ ഇവിടെയുള്ള ജോലിക്കാർക്കും സന്ദർശകർക്കും ഫുട്ബാൾ ആരാധകർക്കും ആവശ്യമായതെല്ലാം ഖത്തർ നൽകി. ഒരു പരാതിയും ആർക്കുമുണ്ടായില്ല. ആരും വേദനിക്കപ്പെട്ടില്ല. ലോകകപ്പ് വേളക്കിടെ എല്ലാവരുടെയും സുരക്ഷയും സുരക്ഷിതത്വവും ഖത്തർ അത്രയേറെ പ്രാധാന്യത്തോടെയാണ് കണ്ടതെന്നതിന്റെ തെളിവായിരുന്നു അത്. 2016ൽ തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച വേളയിൽ തങ്ങളോടുള്ള ഖത്തറിന്റെ കരുതലിനെ അവർ പ്രകീർത്തിച്ചത് സൂചിപ്പിച്ച് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന് (ഐ.എൽ.ഒ) താൻ അയച്ച റിപ്പോർട്ടിനെ കുറിച്ച് അഭിമുഖത്തിനിടെ അൽ മുതൈരി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

