ഗസ്സയിലെ ഖത്തറിന്റെ സഹായത്തെ കുറിച്ചുള്ള ആരോപണം; ദി ന്യൂയോർക്കർ റിപ്പോർട്ട് തള്ളി ഖത്തർ
text_fieldsദോഹ: ഗസ്സയിലേക്ക് ഖത്തർ നൽകിയ സഹായങ്ങളെ കുറിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ ദി ന്യൂയോർക്കർ പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ഖത്തർ. രാജ്യത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നും ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫിസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
റിപ്പോർട്ടിന് അടിസ്ഥാനമാക്കിയ 'ബ്ലാസ്റ്റ് രേഖകൾ' വ്യാജമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ ദി ന്യൂയോർക്കറിന് കൈമാറിയിരുന്നു. ഇത് പരിഗണിക്കാതെയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഈ രേഖകൾ ലഭിച്ചിരുന്നെങ്കിലും, ഇവ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് അവരത് പ്രസിദ്ധീകരിക്കാൻ തയാറായിരുന്നില്ല.
ഹമാസിന് പണം നൽകി എന്ന രീതിയിൽ ഇസ്രായേലിലെ തീവ്ര വലതുപക്ഷ കക്ഷികൾ ഖത്തറിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഫലസ്തീൻ ജനതയ്ക്കുള്ള ഖത്തറിന്റെ സഹായങ്ങൾ പൂർണ്ണമായും ഇസ്രായേൽ അധികൃതരുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും പൂർണ്ണ മേൽനോട്ടത്തിലും ഏകോപനത്തിലുമാണ് എത്തിച്ചത്. ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ സഹായങ്ങൾ ഇസ്രായേൽ വഴി മാത്രമാണ് ഗസ്സയിൽ പ്രവേശിച്ചിരുന്നത്. ഇസ്രായേലിന്റെ സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തത്തോടെ, തുടർച്ചയായി അധികാരത്തിലിരുന്ന ഇസ്രായേൽ സർക്കാറുകൾക്ക് കീഴിലാണ് വർഷങ്ങളായി ഖത്തർ സഹായം നൽകുന്നത്. ഏതെങ്കിലും തരത്തിലുള്ള ധനസഹായം ഹമാസിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ, അതിന് ഖത്തറുമായി യാതൊരു ബന്ധവുമില്ല.
മേഖലയിലെ സമാധാനശ്രമങ്ങളിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥശ്രമങ്ങളെ തകർക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. മേഖലയിലെ അശാന്തിയും സംഘർഷവുമാണ് ഇവരുടെ രാഷ്ട്രീയ നിലനിൽപ്പിന് ആവശ്യമെന്നും ഖത്തറിന്റെ സമാധാന നീക്കങ്ങൾ ഇക്കൂട്ടർക്ക് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വസ്തുതാ പരിശോധനകളിൽ കൃത്യത പുലർത്തണമെന്നും അഭ്യർത്ഥിച്ചു. രാജ്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് പരിഗണനയിലാണെന്നും ഖത്തർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

