സമസ്ത ശതാബ്ദി ഖത്തർ പ്രചാരണ സമ്മേളനം
text_fieldsസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദി ഖത്തർ പ്രചാരണ സമ്മേളനം പ്രസിഡന്റ് സയ്യിദ്
ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിൽ പ്രചാരണ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. വുകൈറിലെ നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖത്തർ കേരള ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണ സമ്മേളനം നടത്തിയത്.
നീതിക്കുവേണ്ടി നിലനിൽക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ് സമസ്ത നിലനിൽക്കുന്നതെന്നും മഹാന്മാരായ സർവ അമ്പിയാക്കന്മാരും അതിനുവേണ്ടിയാണ് നിലകൊണ്ടതെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എല്ലാ പ്രവാചകന്മാരും ഇസ്ലാമിക പ്രചാരണത്തിനും പ്രബോധനത്തിനും വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ഇസ്ലാമിന്റെ അടിസ്ഥാനമാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതസൗഹാർദവും സാഹോദര്യവും നിലനിർത്തുന്നതിനായി വലിയ സംഭാവനകൾ നൽകുന്ന മഹത്തായ പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികൾക്കെതിരെ ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ വിശിഷ്ടാതിഥിയായിരുന്നു.
ഖത്തർ കേരള ഇസ്ലാമിക് സെന്റർ പ്രസിഡന്റ് എ.വി. അബൂബക്കർ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരി, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ സന്നിഹിതരായിരുന്നു. മുസ്തഫ ഹുദവി ആക്കോട്, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സകരിയ്യ മാണിയൂർ സ്വാഗതം പറഞ്ഞു. കേരള ഇസ്ലാമിക് സെന്റർ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

